Connect with us

KERALA

തിരിച്ചടികളെ അതിജീവിച്ച് എൽ.ഡി.എഫ്. കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് എം.വി. ഗോവിന്ദൻ.

Published

on

തിരുവനന്തപുരം: നിലവിലെ തിരിച്ചടികളെ അതിജീവിച്ച് എൽ.ഡി.എഫ്. കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും പൊതുവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണ്. വലിയ തിരിച്ചടികളുണ്ടായ ശേഷം തിരിച്ചുവന്ന മുൻ ഉദാഹരണങ്ങളും അദ്ദേഹം ഓർമിപ്പിച്ചു. ദേശാഭിമാനിയിൽ ഇ.കെ. നായനാരുടെ ഓർമദിനവുമായി ബന്ധപ്പെട്ടെഴുതിയ ലേഖനത്തിലാണ് ഗോവിന്ദൻ്റെ പരാമർശം.

എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതോടെ കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായെന്നും അദ്ദേഹം പറയുന്നു. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോയ 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. എന്നിട്ടും തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്ന പരിശോധന നടക്കുന്ന ഘട്ടമാണിതെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി

ബി.ജെ.പി.യെ കൂട്ടുപിടിച്ചാണ് പല മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിച്ചത്. ബി.ജെ.പി. ജയിച്ച മണ്ഡലങ്ങളിൽ മൂന്നാമതാണ് യു.ഡി.എഫ്. എന്നത് ഇതിലേക്ക് വിരൽചൂണ്ടുന്നു. കേരളത്തിൽ വർഗീയ ശക്തികൾ തലപൊക്കുകയാണെന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൂടിയാണ്. ഇതിനെതിരേ മുന്നോട്ടുപോകണം. പോരായ്മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്നതിൽ തർക്കമില്ല. 2001-ൽ 40-ൽ ഒതുങ്ങിയ പാർട്ടിക്ക് പിന്നീട് 99 സീറ്റ് ലഭിക്കുന്ന നിലയുണ്ടായിട്ടുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Continue Reading