KERALA
പോലീസിൻ്റെ മുഖഛായ മാറുന്നു : സ്റ്റേഷനിൽ ആര് കടന്ന് ചെന്നാലും ആദ്യം ഗുഡ്മോണിങ് പറയും.
തിരുവനന്തപുരം: കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിൽ സമൂല മാറ്റവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. പരാതികൾ സമചിത്തതയോടെ കേൾക്കും. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചു വരുന്ന ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ പദ്ധതി കേരള പോലീസ് ആരംഭിച്ചതായും അദ്ദേഹം പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും. ജനമൈത്രി പോലീസ് ശക്തമാക്കും. ട്രാഫിക് അപകടങ്ങൾ കുറക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കും. പോലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കും. സൈബർ ക്രൈം നേരിടാൻ പദ്ധതിയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിലും സമൂലമാറ്റം വരുത്താൻ തീരുമാനിച്ചു. ആര് കടന്ന് ചെന്നാലും ആദ്യം ഗുഡ്മോണിങ് പറയും. അവരെ സ്വീകരിക്കും. സ്വീകരിച്ചിരുത്തി അവരുടെ പരാതികൾ കേൾക്കാനുള്ള സംവിധാനങ്ങൾ ആരംഭിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കും. സ്റ്റേഷനുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ പോലീസ് ആക്ട് പ്രകാരമുള്ള നടപടി ഡിജിപി സ്വീകരിക്കും. കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകൾക്കും പുതിയ മുഖം ഉണ്ടാകും. പോലീസുകാരുടെ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ മാറ്റം ഉണ്ടാകും. പോലീസ് സ്റ്റേഷനുകൾ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും കേരള പോലീസ് ഇനിമുതൽ പ്രവർത്തിക്കുക.
സ്റ്റേഷനിലേക്ക് എസ്ഐമാരും സിഐമാരും ഡിവൈഎസ്പിമാരും ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. റിപ്പോർട്ടിനനുസരിച്ച് നടപടി ഉണ്ടാകും.
സംസ്ഥാനത്ത് വ്യാപകമായ ലഹരിമരുന്നിനെതിരേ ‘ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട്’ എന്ന പേരിൽ കേരള പോലീസ് പദ്ധതി ആരംഭിച്ചു. കേരളത്തിൽ ലഹരിമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ വരുംദിവസങ്ങളിൽ അതിശക്തമായ ഓപ്പറേഷൻ ആരംഭിക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാവരേയും കേരള പോലീസ് നിരീക്ഷണത്തിലാക്കും- ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
