KERALA
അബിൻവർക്കി എം എൽ എ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻവർക്കിക്ക് വാഹനാപകടത്തിൽ പരിക്ക്. പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്കിൽ ചൊവ്വാഴ്‌ച രാത്രിയാണ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിൽ എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അബിൻ വർക്കി ആശുപത്രി നിരീക്ഷണത്തിൽ തുടരുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം ഇലന്തൂരിലെ താമസസ്ഥലത്തേക്ക് പോകുംവഴിയാണ് അബിൻ വർക്കിക്ക് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കോന്നി സ്വദേശി സജികുമാറിന്റെ കാറാണ് എംഎൽഎയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ സജികുമാറിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
