KERALA
കെ എസ് ആർ ടി സി സർവ്വീസുകൾ നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്തി വെച്ച കെ എസ് ആർ ടി സി സർവ്വീസുകൾ നാളെ പുനരാരംഭിക്കും. ദീർഘദൂര സർവ്വീസുകളാണ് നാളെ മുതൽ ആരംഭിക്കുന്നത്. കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മേയ് എട്ടിന് കെ എസ് ആർ ടി സി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു.
രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെ എസ് ആർ ടി സി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. അതേസമയം, സംസ്ഥാനത്ത് ഇപ്പോഴും ലോക്ക് ഡൗൺ തുടരുന്നതിനാൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെ എസ് ആർ ടി സി ആദ്യപടിയായി സർവ്വീസുകൾ നടത്തുക.യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. ടിക്കറ്റ് ബുക്കിംഗിന് സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.