Crime
മുട്ടിൽവനംകൊള്ള:അന്വേഷണത്തിന് സ്റ്റേയില്ല
കൊച്ചി: വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നൽകിയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌താണ് വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി സ്റ്റേ ആവശ്യം തള്ളുകയായിരുന്നു. പ്രതികളായ റോജോ അഗസ്റ്റിൻ ആന്‍റോ അഗസ്റ്റിൻ എന്നിവരടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
