Connect with us

KERALA

ആര്യ രാജേന്ദ്രന്‍ കെ.മുരളീധരനെതിരെ പരാതി നൽകി.വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുരളീധരൻ

Published

on

തിരുവനന്തപുരം:  അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ കെ മുരളീധരനെതിരെ കേസ് എടുത്തിട്ടില്ല. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും എംപിയ്‌ക്കെതിരെ കേസ് എടുക്കുകയെന്ന് പൊലീസ് പറഞ്ഞു.
.

തിരുവനന്തപുരം മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരുത്താത്ത സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്. മുരളീധരന്റെ പരാമര്‍ശത്തിനെതിരെ ഇടതുസംഘടനകളും നേതാക്കന്‍മാരും രംഗത്തുവന്നിരുന്നു.

എംപി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന മേയര്‍ കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നത്.

അതിനിടെ മേയർ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ രംഗത്ത് വന്നു. മേയർക്ക് മാനസികമായി വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മുരളീധരൻ പറഞ്ഞത്. തന്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചത് മേയർ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ്. അപക്വമായി പെരുമാറുന്ന മേയറുടെ നടപടികൾക്കെതിരേ വിമർശനം തുടരുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം നഗരസഭാ മേയർ പദവിയിൽ ഇരുന്നത് നിരവധി പ്രഗത്ഭരാണ്. എന്നാൽ ഇപ്പോഴത്തെ മേയർ പെരുമാറുന്നത് അതിന് യോജിച്ച നിലയിലല്ല. പല കൗൺസിലർമാരോടും അവർ മോശമായി പെരുമാറുന്നുവെന്ന് കോൺഗ്രസ് കൗൺസിലർമാർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുരധീധരൻ പറയുന്നു. മേയർക്കെതിരായ തെറ്റ് ചൂണ്ടിക്കാണിക്കുകയാണെന്നും തെറ്റ് തെറ്റല്ലാതാകില്ലെന്നും മുരളീധരൻ പറഞ്ഞു.

മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമായി കരുതുന്നില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നത് അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായെന്ന് പറയുന്നതിനാലാണെന്നും മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ ഒരു പ്രസ്താവനയും സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ നടത്തിയിട്ടില്ല. ഇനിയും അങ്ങനെ ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ അതിന്റെ പേരിൽ തന്നെ വിമർശിക്കാൻ ഡി.വൈ.എഫ്.ഐയും ആനാവൂർ നാഗപ്പനും വളർന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

Continue Reading