KERALA
ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം :തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ട്വന്റി ട്വന്റിയുടേയും വോട്ടു ലഭിച്ചിട്ടുണ്ട്. അല്ലാതെ 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനി ആരെയും കുത്തിനോവിക്കാന്‍ താനില്ല. യുഡിഎഫിന്റെ വിജയം സ്ഥാനാര്‍ത്ഥിയെ മാത്രം അടിസ്ഥാനമാക്കിയല്ല. ചിട്ടയായ പ്രവര്‍ത്തനം, യുഡിഎഫിന്റെ മണ്ഡലം, പിടി തോമസിന്റെ ഓര്‍മ്മ, സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത ഇതെല്ലാം കൂടിച്ചേരുമ്പോഴാണ്. അല്ലാതെ ഏതെങ്കിലും ഒരു ചെറിയ ഘടകം മാത്രമല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
താന്‍ ക്യാപ്റ്റനൊന്നുമല്ല. താന്‍ പടയില്‍ ഒരു മുന്നണിപ്പോരാളി മാത്രമാണ്. ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അതില്‍ ഒരു പരിഹാസമുണ്ട്. പടയില്‍ എപ്പോഴും മുന്നിലുണ്ടാകും. ഒരിക്കലും ഓടിപ്പോകില്ല. പിന്നില്‍ നിന്നും വെടിയേറ്റ് മരിക്കില്ല. പോരാളികളെല്ലാം ക്യാപ്ടന്മാരല്ല. കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണുള്ളത്.
അതല്ലാതെ ഒരു പ്രത്യേക പ്രതിച്ഛായ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വലിയ നെഗറ്റീവ് ഇംപാക്ട് ആണ് ഉണ്ടാക്കുക എന്നറിയാനുള്ള തിരിച്ചറിവ് തനിക്കുണ്ട്. കെ വി തോമസിനെ അടക്കം ആരെയും വേട്ടയാടാനില്ല. കെ വി തോമസിനെ തിരുത തോമയെന്ന് വിളിച്ച് ആക്ഷേപിച്ചത് സിപിഎമ്മുകാരല്ലേ. അവരല്ലേ ആ പേരിട്ടത്. അന്നൊന്നും അത് വംശീയ അധിക്ഷേപമാകാതിരുന്നത് എന്തുകൊണ്ടെന്നും സതീശന്‍ ചോദിച്ചു.
