Crime
മലപ്പുറം സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ
കൊച്ചി : മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ.
കർണാടകത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിൽ കാസർകോട് അതിർത്തിയിൽ വച്ചായിരുന്നു പിടിയിലായത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽ പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ട് കരയിലായിരുന്നു അര്‍ഷാദിന്‍റെ മൊബൈൽ ഫോണിന്‍റെ അവസാന ടവര്‍ ലൊക്കേഷൻ. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്‍റെ വലയിലായത്.
ഇന്നലെ രാതിയാണ് സജീവിന്‍റെ മൃതദേഹം കണ്ടെത്തിയിത്. ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഫ്‌ലാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിലായിരുന്നു സജീവിനെ കണ്ടെത്തിയിത്. മൃതദേഹത്തിന്‍റെ തലയിലും ദേഹത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. സജീവ് ഉള്‍പ്പെടെ 5 യുവാക്കള്‍ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയോടു ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്റ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഒപ്പം താമസിച്ചിരുന്ന അർഷാദിനെ കാണാതായിരുന്നു. കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്‌സോണിയ ഫ്‌ലാറ്റിലാണു സംഭവം. ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ ആള്‍ കൊലപാതകം നടത്തി കടന്നു കളഞ്ഞെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൃത്യം നിര്‍വഹിച്ചു കടന്നുകളഞ്ഞെന്നു കരുതുന്ന യുവാവിന്‍റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്‍റെ ഫോണെന്നു സംശയമുണ്ട്. ഇന്നലെ ഉച്ചവരെ ഈ ഫോണില്‍ നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താന്‍ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു. അർഷാദിനൊപ്പം മറ്റൊരു പ്രതിയും കൂടി കസ്റ്റഡിയിലായിട്ടുണ്ട്.
