Crime
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കാട്ടാക്കടയിലേത് ദൗര്‍ഭാഗ്യകരമാണെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് എന്നും അദ്ദേഹം പറഞ്ഞു.
മകളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് മർദ്ദനത്തിൽ കലാശിച്ചത്. ആമച്ചൽ സ്വദേശി പ്രേമനന്ദനും മക്കളേയുമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരന്‍ മർദ്ദിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രേമനും രണ്ട് പെൺ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയിൽ എത്തുന്നത്. കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമലനോട് ജിവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ക്ക് പരിക്കേറ്റത്. മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമലന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമലനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമലനെ മര്‍ദിക്കുകയുമായിരുന്നു.