KERALA
കള്ള് കച്ചവടത്തില്‍ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്ന് ഗവർണർ
തിരുവനന്തപുരം: മന്ത്രിമാരെ കടന്നാക്രമിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കള്ള് കച്ചവടത്തില്‍ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ നിയമമന്ത്രി ആരാണ്. സര്‍വകലാശാല വി സി നിയമം വിഷയത്തിലും മന്ത്രിമാരുടെ പെന്‍ഷന്‍ വിഷയത്തിലും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു.
ലോട്ടറിയും മദ്യവും തന്റെ സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗം എന്ന് പറയുന്നത്തില്‍ ലജ്ജിക്കുന്നു. ലഹരി വിഷയത്തില്‍ പഞ്ചാബിന് തൊട്ടു താഴെയാണ് കേരളം. സംസ്ഥാന സര്‍ക്കാരിന് യൂണിവേഴ്‌സിറ്റി വിഷയങ്ങളില്‍ ഇടപെടാന്‍ യാതൊരു അധികാരവുമില്ല എന്ന് സുപ്രിം കോടതി വിധിയുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് മുന്നില്‍ വച്ചുകൊണ്ട് അദ്ദേഹം വായിക്കുകയും ചെയ്തു.
യുപിയില്‍ നിന്ന് വന്ന ഗവര്‍ണര്‍ക്ക് വിദ്യാഭ്യാസത്തെ പറ്റി എന്ത് അറിയാം എന്ന് ധനമന്ത്രി പരിഹസിച്ചതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കള്ള് കച്ചവടത്തില്‍ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കണ്ട. നിങ്ങള്‍ എന്റെ കാര്യം നോക്കേണ്ട, നിങ്ങളുടെ കാര്യം നോക്കാനാണ് ഞാന്‍ ഇവിടെ വന്നതെന്നും മന്ത്രി പി രാജീവിനെതിരെ അദ്ദേഹം രംഗത്തെത്തി. കെ ടി ജലീലിന് എതിരെയും സജി ചെറിയനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
വി സി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രിം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുജിസി ചട്ടങ്ങളുടെ ലംഘനമെന്ന് വ്യക്തമാക്കി ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. യുജിസി ചട്ടങ്ങള്‍ പാലിച്ചല്ല നിയമനം എന്ന ഹര്‍ജിക്കാരന്‍ ഡോ. ശ്രീജിത്ത് പി എസിന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതി വിധി.
