Connect with us

NATIONAL

ആർബിഐ മുൻ ഗവർണർ രഘുറാം രാജനും ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നു

Published

on


ന്യൂഡൽഹി∙  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജനും  അണിചേർന്നു. രാജസ്ഥാനിലെ സാവായ് മാധോപുരിലെ ഭഡോട്ടിയിൽനിന്ന് ആരംഭിച്ച ഇന്നത്തെ യാത്രയുടെ ഭാഗമായാണു രഘുറാം രാജനും പങ്കെടുത്തത്. രാഹുൽ ഗാന്ധിക്കും സച്ചിൻ പൈലറ്റിനുമൊപ്പം രഘുറാം രാജൻ യാത്രയിൽ നടക്കുന്നതിന്റെ വിഡിയോ ട്വിറ്ററിൽ ട്രെൻഡിങ്ങായി.

നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ശക്തനായ വിമർശകനായ രഘുറാം രാജൻ പലപ്പോഴും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും ധനക്കമ്മിയിലും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തിനു പിന്നാലെയുണ്ടായ സാമ്പത്തിക നഷ്ടം അതിൽനിന്നുലഭിക്കാവുന്ന ദീർഘകാല ലാഭത്തേക്കാൾ നശീകരണ തീരുമാനമായിരുന്നുവെന്ന് രഘുറാം രാജൻ തന്റെ പുസ്തകമായ –ഐ ഡു വാട്ട് ഐ ഡു എന്നതിൽ പറയുന്നുണ്ട്.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര തമിഴ്നാട്, കേരളം, കർണാടകം, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽക്കൂടി കടന്നുപോയി ഇപ്പോൾ  രാജസ്ഥാനിലാണ്. അടുത്ത ഫെബ്രുവരിയിൽ കശ്മീരിൽ യാത്ര അവസാനിക്കും.

Continue Reading