KERALA
കത്ത് വിവാദം: മേയറുടെ ഓഫീസിലെ കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു, ആര്യയുടെ പോക്കിലും പാർട്ടിക്കു നീരസം

കത്ത് വിവാദം: മേയറുടെ ഓഫീസിലെ കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു, ആര്യയുടെ പോക്കിലും പാർട്ടിക്കു നീരസം
തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു. ഡി ആർ അനിലിന്റെ മൊബൈലും ഫോറൻസിക് പരിശോധനക്ക് നൽകിയിട്ടുണ്ട്.
കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനെതിരെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിനെതിരെയും ഉയർന്ന നിയമനക്കത്ത് ആരോപണങ്ങളിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാനായെങ്കിലും മേയറുടെ പ്രവർത്തനങ്ങളിലും സമീപനത്തിലും സി പി എം നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തുവന്നാലും മേയറെ മാറ്റില്ലെന്ന ആദ്യ നിലപാടിൽ നിന്ന് കോടതിവിധിക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് സമവായ ചർച്ചയിൽ സമ്മതിച്ചത് ഇതിന് തെളിവാണെന്നാണ് വിലയിരുത്തുന്നത്.ഇന്നലെ മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവൻകുട്ടിയുടെയും സാന്നിദ്ധ്യത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഡി.ആർ. അനിലിനെ മാറ്റി നിറുത്തിക്കൊണ്ടുള്ള സമവായത്തിന് ധാരണയായത്. ഡി.ആർ. അനിൽ ഇന്ന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചു.
മേയർക്കെതിരായ കേസ് പരിഗണനയിലായതിനാൽ കോടതി നിർദ്ദേശം അനുസരിച്ച് മാത്രമേ തുടർനടപടി സ്വീകരിക്കാനാകൂവെന്ന മന്ത്രിമാരുടെ നിലപാട് പ്രതിപക്ഷ നേതാക്കൾ അംഗീകരിക്കുകയായിരുന്നു. മേയറുടെ നിലപാടും സി.പി.എമ്മിൽ ചർച്ചയായിട്ടുണ്ട്. ഇനിയും മേയർ സ്ഥാനത്ത് അവരെ പ്രതിഷ്ഠിക്കുന്നതിൽ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ട്.