Crime
കടബാധ്യതയെ തുടർന്ന് ബാങ്കിന്‍റെ ജപ്തി ഭീഷണി. മനം നൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കിടിയില്‍ കൃഷ്ണന്‍ കുട്ടി(70) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടർന്ന് ബാങ്കിന്‍റെ ജപ്തി ഭീഷണിയിൽ മനം നൊന്താണ് ആത്മഹത്യയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് 2013ല്‍ കൃഷ്ണന്‍കുട്ടി ഒരുലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടുതവണ പലിശ അടച്ച് പുതുക്കിയെങ്കിലും കൃഷി നാശത്തെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് വലിയ ബാധ്യത ഉണ്ടായി. കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇദ്ദേഹം മനോവിഷമത്തിലായിരുന്നു. തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. വിഷം കഴിച്ച് അവശനിലയിലായ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
