Connect with us

Crime

ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല.ധൈര്യമുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കണം

Published

on

തിരുവനന്തപുരം: ലൈഫ് മിഷന്‍  കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ലെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുചാടുകയാണ്. കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് കേസുകളില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞ ശിവശങ്കറെ മുഖ്യമന്ത്രി സര്‍വീസില്‍ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെ വിരമിക്കാനും നിബന്ധനകള്‍ കാറ്റില്‍പറത്തി പുസ്തകമെഴുതാനും അവസരം നല്‍കി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ .ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷം മുമ്പ് വിജിലന്‍സ് നടത്തിയ അന്വേഷണത്തെ സര്‍ക്കാര്‍ അട്ടിമറിച്ചു. ചില നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതിനെ തുടര്‍ന്ന് അന്വേഷണസംഘത്തെ പിരിച്ചുവിട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സിബിഐ എത്തുന്നതിനുമുമ്പേ തിടുക്കത്തില്‍ വിജിലന്‍സ് റെയ്ഡ് നടത്തി രേഖകളെല്ലാം പിടിച്ചെടുത്തത് വന്‍വിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൊടുത്തുവിട്ട ബിരിയാണിച്ചെമ്പിലും മുഖ്യമന്ത്രിക്ക് വിദേശത്തേക്കു കൊടുത്തുവിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യംചെയ്യാനുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കവും അട്ടിമറിക്കപ്പെട്ടു.
കേരളത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ യുഎഇ റെഡ്ക്രസന്റ് വഴി ലഭിച്ച പണത്തില്‍ നിന്ന് കോടികളാണ് ഉന്നതരടക്കം പലര്‍ക്കും പങ്കുവച്ചത്. ഇതു സംബന്ധിച്ച സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ലക്ഷങ്ങള്‍ മുടക്കി മുന്‍നിര അഭിഭാഷകരെ നിയോഗിച്ചു. കോഴപ്പണം ഡോളറാക്കി കടത്തിയതിനാല്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരേ സര്‍ക്കാര്‍ രംഗത്തുവന്നു. സിബിഐ അന്വേഷണം കൂടി നടത്തിയാല്‍ മാത്രമേ സത്യം പുറത്തുവരുകയുള്ളു എന്നതാണ് വാസ്തവം. സിപിഎം ബിജെപി ധാരണ നിലനില്ക്കുന്നതിനാലാണ് സിബിഐ അന്വേഷണം തടസപ്പെട്ടതെന്നും സുധാകരൻ പറഞ്ഞു.

Continue Reading