Crime
ഷാറൂഖ് സൈഫിയെ ഇന്ന് മുതല്‍ വിശദമായി ചോദ്യം ചെയ്യും. പ്രതിയെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം ഇന്ന് മുതല്‍ വിശദമായി ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. കേരളം കാത്തിരിക്കുന്ന നിര്‍ണായക ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഷാറൂഖില്‍ നിന്ന് പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വരും ദിവസങ്ങളില്‍ പ്രതിയെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
11 ദിവസമാണ് കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരിക്കും അന്വേഷണ സംഘം നടത്തുക. ഇതിനായി പ്രത്യേക ചോദ്യാവലിയുള്‍പ്പെടെ തയ്യാറാണ്. പോലീസ് കസ്റ്റഡിയില്‍ തുടരവെ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും. തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം. അതേസമയം, ഇയാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ട്രെയിനിന് തീ വെക്കുമ്പോള്‍ ഷാറൂഖിന്റെ രണ്ട് കൈകളിലും നേരിയ പൊള്ളല്‍ ഏറ്റിരുന്നു. ട്രെയിനില്‍ നിന്ന് വീണതിനെ തുടര്‍ന്ന് പ്രതിയുടെ ശരീരമാസകലം ഉരഞ്ഞ പാടുകളും ഉണ്ട്.
