Crime
ഷാരൂഖ് സെയ്ഫിക്ക് വേണ്ടി അഡ്വ. ആളൂർ ഹാജരാവും. 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, കോടതി 11 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
വിശദമായ ചോദ്യംചെയ്യലിന് പരമാവധി ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇപ്പോൾ കണ്ണൂരിലുള്ള ട്രെയിൻ ബോഗിയിൽ എത്തിച്ചുള്ള തെളിവെടുപ്പുകൾ നടത്തണമെന്നും ചോദ്യംചെയ്യലിന് സമയം ആവശ്യമാണെന്നുമാണ് പോലീസ് ആവശ്യപ്പെട്ടത്. തുടർന്ന് 11 ദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യാനായി മാലൂർ കുന്ന് പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി
കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂർ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ സ്ഥലം തുടങ്ങിയിടങ്ങളിൽ ഇയാളെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്. അതിനിടെ പ്രതിക്ക് വേണ്ടി അഡ്വ. ആളൂരാണ് ഹാജരാവുന്നത്.
ഷഹറൂഖ് ഫൈസിയുടെ സഹോദരൻ ഫക്രുദീന്റെ നിർദ്ദേശപ്രകാരമാണ് കേസ് ആളൂർ ഏറ്റെടുക്കുന്നത്.
അതിനിടെ, തീവെപ്പുകേസില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.ഐ.എ. സംഘം കോഴിക്കോട്ടെത്തി. ഡി.ഐ.ജി. കാളി രാജ് മഹേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിയത്.
