Connect with us

KERALA

വൈദ്യുതി ഉപഭോക്താക്കള്‍ക്കളെ ഷോക്കടിപ്പിച്ച്  ഇരട്ടസര്‍ച്ചാര്‍ജ് നിലവില്‍ വന്നു

Published

on


തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വന്‍ ബാധ്യതയായി ഇരട്ടസര്‍ച്ചാര്‍ജ് നിലവില്‍. മാസതോറും സര്‍ച്ചാര്‍ജ് ചുമത്താനുള്ള പുതിയ ചട്ടപ്രകാരം ജൂണ്‍ മാസത്തേക്ക് 10 പൈസ അധികം ഈടാക്കാന്‍ വൈദ്യുതിബോര്‍ഡ് നേരിട്ട് തീരുമാനിച്ചു. ജൂണ്‍ മുതല്‍ നവംബര്‍വരെ ഒന്പതുപൈസ സര്‍ച്ചാര്‍ജായി ഈടാക്കാന്‍ പഴയ അപേക്ഷകള്‍പരിഗണിച്ച് റെഗുലേറ്ററി കമ്മിഷനും അനുവാദംനല്‍കി. ഇതോടെ ജൂണ്‍മാസം നിലവിലെ നിരക്കില്‍നിന്ന് യൂണിറ്റിന് 19 പൈസ അധികം നല്‍കണം.
ജൂണ്‍ കഴിഞ്ഞാലും കമ്മിഷന്‍ അനുവദിച്ച ഒമ്പതുപൈസ ഈടാക്കാം. നവംബര്‍വരെയാണ് ഇതിന് ഇപ്പോള്‍ അനുമതിയതെങ്കിലും ഒക്ടോബറില്‍ ബോര്‍ഡ് സമീപിച്ചാല്‍ കമ്മിഷന്‍ ഇത് പുനഃപരിശോധിക്കും. എല്ലാമാസവും കമ്മിഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പരമാവധി 10 പൈസവരെ സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രനിര്‍ദേശപ്രകാരം ബോര്‍ഡിനെ കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. വൈദ്യുതിക്ക് വില ഉയര്‍ന്നുനില്‍ക്കുന്ന സമയമായതിനാല്‍ ബോര്‍ഡ് ഇത് തുടര്‍ന്നും ഈടാക്കാനാണ് സാധ്യത. അങ്ങനെവന്നാല്‍ തുടര്‍ന്ന് കമ്മിഷന്‍ മാറ്റം വരുത്തുംവരെ 19 പൈസയായിരിക്കും സര്‍ച്ചാര്‍ജ് ആയി അധികം നല്‍കേണ്ടിവരുക.
ആയിരം വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റില്‍ താഴെമാത്രം ഉപയോഗമുള്ള വീട്ടുകാരൊഴികെ എല്ലാവരും സര്‍ച്ചാര്‍ജ് നല്‍കണം. സര്‍ച്ചാര്‍ജ് തുക എത്രയാണെന്ന് ബില്ലില്‍ രേഖപ്പെടുത്തും.
ജൂണ്‍ അവസാനത്തോടെ വൈദ്യുതിനിരക്ക് പൊതുവേ വര്‍ധിപ്പിപ്പിക്കാനും ബോര്‍ഡിന്റെ അപേക്ഷപ്രകാരം കമ്മിഷന്‍ തയ്യാറെടുക്കുകയാണ്. യൂണിറ്റിന് 40 പൈസ കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എത്ര കൂട്ടണമെന്ന് കമ്മിഷന്‍ തീരുമാനിക്കും. ഇതിനുപുറമേ സര്‍ച്ചാര്‍ജും ഈടാക്കുന്നതോടെ വൈദ്യുതിബില്ലില്‍ വന്‍തോതിലുള്ള വര്‍ധനയ്ക്ക് സാധ്യതയുണ്ട്.

ഇരട്ട സര്‍ച്ചാര്‍ജ് ഇങ്ങനെ: – ജൂണില്‍ ബോര്‍ഡ് നേരിട്ട് തീരുമാനിച്ചത്-യൂണിറ്റിന് 10 പൈസ. ജൂണ്‍ മുതല്‍ നവംബര്‍വരെ കമ്മിഷന്‍ അനുവദിച്ചത് 9 പൈസ . വൈദ്യുതിയുടെ ശരാശരി നിരക്ക് യൂണിറ്റിന് 6.29 രൂപയില്‍നിന്ന് 6.48 രൂപയായി.

Continue Reading