Crime
ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ ആറ് വയസുകാരിക്കായുള്ള തെരച്ചിൽ തുടരുന്നു

എറണാകുളം: ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ ആറ് വയസുകാരിക്കായുള്ള തെരച്ചിൽ തുടരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയ അസം സ്വദേശി അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് ഇയാൾ വ്യക്തമായ മറുപടി ഇതുവരെ നൽകിയിട്ടില്ല.
മദ്യലഹരിയിൽ ആയിരുന്നു ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ കാണാതായത്. ഇവരുടെ വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് ഇവർ താമസിക്കുന്ന വീടിന്റെ മുകളിലിൽ താമസിക്കാൻ ബിഹാർ സ്വദേശി എത്തിയത്. ആലുവ ഗാരേജ് റോഡിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇയാൾ കെഎസ്‌ആർടിസി ബസിലേയ്‌ക്ക് കുട്ടിയെ കയറ്റുന്നത് കണ്ടെന്ന് നാട്ടുകാർ അറിയിച്ചെന്നും പൊലീസ് പറയുന്നു. കുട്ടിക്ക് വേണ്ടി പോലീസ് തിരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.