Connect with us

KERALA

പാലം വലിക്കുന്നു ശൂന്യാകാശത്താണ്. ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തില്‍ ആക്കിയത്.മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് പിൻവലിച്ചു

Published

on

കോട്ടയം .ഉമ്മന്‍ചാണ്ടി ഒറ്റത്തടി പാലത്തിലൂടെ നടക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച മുരളീ തുമ്മാരുകുടി പോസ്റ്റ് പിന്‍വലിച്ചു.പുതുപ്പള്ളിയുടെ ഭാഗ്യമാണ് ഉമ്മന്‍ ചാണ്ടി സാര്‍, ഇത്തരം പാലങ്ങള്‍ ഇവിടെ മാത്രമേ കാണൂ’ എന്ന ക്യാപ്ഷന്‍ അടക്കമുള്ള ഫോട്ടോയാണ് മുരളി തുമ്മാരുകുടി പങ്കുവെച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം ശക്തമാവുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ ബന്ധുവായ കുഞ്ഞ് ഇല്ലംപള്ളി അടക്കമുള്ളവര്‍ ഈ ഫോട്ടോക്കെതിരെ രംഗത്ത് വന്നു.

‘ഉമ്മന്‍ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബര്‍ 27 ന് എന്റ്റെ മോബലില്‍ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ എം.ഐ .വേലുവിന്റെ മകളുടെ വിവാഹത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകള്‍ അറിയിയ്ക്കാനാണ് അദ്ദേഹം എത്തിയത്.തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍ നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം’ എന്നാണ് കുഞ്ഞ് ഇല്ലംപള്ളി ഫേസ് ബുക്കില്‍ കുറിച്ചത്. ഈ പാലം നില്‍ക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ ജനപ്രതിനിധി ആദ്യം സുരേഷ് കുറുപ്പും ഇപ്പോള്‍ മന്ത്രി വാസവനും ആണെന്നാണ് കുഞ്ഞ് ഇല്ലം പള്ളി ഫേസ് ബുക്കില്‍ കുറിച്ചത്.

ഇതോടെ പുതുപ്പള്ളിയില്‍ ആണ് ഈ പാലമെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയത് മൂലം ഈ പോസ്റ്റ് താന്‍ പിന്‍വലിക്കുന്നുവെന്ന് മുരളീ തുമ്മാരുകുടി അറിയിക്കുകയായിരുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

പാലം വലിക്കുന്നു
ശൂന്യാകാശത്താണ്.
ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തില്‍ ആക്കിയത്.
ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തില്‍ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എന്റെ വിഷയം.
പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ എന്ത് എഴുതി എന്നതിനേക്കാള്‍ ആളുകള്‍ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി.
ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് കണ്ടിരുന്നു. പിന്നെ ഏറ്റുമാനൂരില്‍ ആണ്, അവിടെ തന്നെ തിരുവാര്‍പ്പില്‍ ആണെന്ന് ഒക്കെ കമന്റ് വന്നു.
ഇപ്പോള്‍ ആ ചിത്രം എടുത്ത ആള്‍ തന്നെ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യവും കാണിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ ആണ് ആ പാലം എന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഖേദിക്കുന്നു.
ഇത്രയും പബ്ലിസിറ്റി കിട്ടിയ നിലക്ക് അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴെക്കെങ്കിലും അതൊക്കെ മാറി നല്ലൊരു പാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ കുഴപ്പമാകുന്ന നൂല്‍ പാലമാണ് സോഷ്യല്‍ മീഡിയയിലെ എഴുത്തെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു !
ഫോട്ടോ പോസ്റ്റ് ചെയ്ത സുഹൃത്തിന് നന്ദി.
ശൂന്യാകാശത്ത് ഉല്‍ക്ക മഴ കണ്ടിരിക്കുന്നു.”

Continue Reading