Connect with us

KERALA

പാറപ്പുറത്ത് കോരേട്ടനുണ്ടാക്കിയ ഭൂമി വിറ്റ് വീണയ്ക്ക് സ്വര്‍ണം വാങ്ങികൊടുക്കാന്‍ പിണറായിക്കുപറ്റും. പക്ഷേ  പാവപ്പെട്ടവരുടെ കുടിലുകള്‍ നഷ്ടപ്പെടുത്തി കരിമണല്‍ കര്‍ത്തയിൽ നിന്ന്കോടിക്കണക്കിന് രൂപ എണ്ണിവാങ്ങാന്‍ പാടില്ല

Published

on

കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ ജയിലില്‍ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ കലക്ടറേറ്റിനുമുന്നില്‍ ബിജെപി നടത്തിയ മഹിളാധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശോഭ.

‘അമ്മത്തൊട്ടില്‍’ സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ ‘അച്ഛന്‍തൊട്ടില്‍’ സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിലെ വനിതകള്‍ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വനിതകളൊന്നും നിയമസഭയുടെ അകത്തേക്കു വരേണ്ടെന്നാണ് തീരുമാനിച്ചത്. മകള്‍ വീണയോട് ‘മകളേ, നിന്നെ ഞാന്‍ സ്വര്‍ണത്തേരിലേറ്റാം’ എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പെണ്‍കുട്ടികള്‍ തെരുവില്‍ പൊലീസിന്റെ തല്ലുവാങ്ങുമ്പോള്‍ വീണയെ രാജകുമാരിയായി വളര്‍ത്തി.

ആരും മകളെ തൊട്ടുകളിക്കാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നല്‍കുമ്പോള്‍ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകന്‍ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാല്‍ കഴിവും പ്രാപ്തിയുമുള്ള മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയില്‍ താന്‍ തീരുമാനിക്കുന്നവര്‍ മതിയെന്നാണ്.’

”കാര്യങ്ങള്‍ വിശദീകരിക്കാന്‍ എം.വി. ഗോവിന്ദന്‍ പത്രസമ്മേളനം വിളിച്ചാലും താന്‍ പറയാനുദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നത്. കാരണം, എം.വി.ഗോവിന്ദന്റെ കിളി പോയിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ കഴിവുള്ള അനേകം പേര്‍ ഇരുന്നതാണ്. അതില്‍നിന്ന് എം.വി.ഗോവിന്ദന്‍ രാജിവയ്ക്കുന്നതാണു നല്ലത്. ഉള്ളില്‍ വേദനയുണ്ടെങ്കിലും പിണറായി വിജയനെതിരെ  ഒന്നും പറയാന്‍ ആര്‍ജവമില്ലാത്ത ഗോവിന്ദനാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഇപ്പോഴത്തെ ശാപം.’

”ധനാഢ്യന്‍മാര്‍ക്ക് ഏക്കറു കണക്കിനു ഭൂമി അനധികൃതമായി കയ്യില്‍ വയ്ക്കാന്‍ അനുമതി കൊടുത്തതില്‍ പിണറായി മറുപടി പറയണം. ഏതോ പ്രമാണിക്ക്  സ്വകാര്യ വിമാനത്താവളമുണ്ടാക്കാന്‍ രഹസ്യ ചര്‍ച്ച നടത്തി. ഇവരുടെ ചര്‍ച്ച വിദേശത്തു വച്ചാണ്. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോവുന്നത് മാരക അസുഖത്തിനു ചികിത്സിക്കാനാണെന്നാണ് എല്ലാവരും കരുതിയത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ ഇരിക്കാന്‍ പാവപ്പെട്ടവര്‍ മുണ്ടുമുറുക്കിയുടുത്ത് ഖജനാവിലേക്ക് പണം തരും. പക്ഷേ മകന്റെയും മകളുടെയും മരുമകന്റെയും പണക്കാട്ട് പ്രദേശത്തുള്ള മറ്റൊരു പാര്‍ട്ടിക്കാരന്റെ മകന്റെയുമൊക്കെ ബിസിനസ്സിനെക്കുറിച്ച് പഠിക്കാനാണ് ഇടയ്ക്കിടെയുള്ള വിദേശ യാത്രയെന്നാണ് അറിയുന്നത്.’

‘കഴിഞ്ഞ അഞ്ചു മാസമായി പിണറായി വിജയന് ഒരു പത്രസമ്മേളനവുമില്ല. കോവിഡ് കാലത്ത് കെ.കെ.ഷൈലജ മിണ്ടരുതെന്ന് തീരുമാനമെടുത്ത്, എല്ലാ ദിവസവും അരമണിക്കൂര്‍ നേരം ഉള്ളതുമില്ലാത്തതുമൊക്കെ വിളമ്പിയിരുന്ന മുഖ്യമന്ത്രിയുടെ നാവിറങ്ങിപ്പോയോ? പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ കഴിയാതെ കാനം അടക്കമുള്ള സിപിഐയുടെ നേതാക്കള്‍ ഇരിക്കുകയാണ്. പിണറായി നെറ്റിചുളിച്ചാല്‍ കാനം ഭയപ്പെടുന്നതെന്തിനാണ്?’

”കരിമണല്‍ കര്‍ത്തയുടെ പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞിട്ടുണ്ട്. അതിനകത്ത് ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്ന് ആര്‍ക്കുമറിയില്ല. കര്‍ത്ത നടത്തുന്നത് ഉണക്കമീന്‍ കച്ചവടമല്ല. ആണവ റിയാക്ടര്‍വരെ പ്രവര്‍ത്തിക്കാനാവശ്യമുള്ള കരിമണലാണ് ഖനനം ചെയ്യുന്നത്. ഇതിന് എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനത്തിന് അനുമതി കൊടുക്കുന്നില്ല. കരിമണല്‍ കര്‍ത്തയ്ക്ക് കരിമണല്‍ ഖനനം തീറെഴുതിക്കൊടുത്തിട്ടും അതിനെതിരെ ഒരു വാക്കുപോലും മിണ്ടാന്‍ പാര്‍ട്ടിക്കാര്‍ തയാറല്ല. കരിമണല്‍ കര്‍ത്ത വീണയ്ക്ക് ആവശ്യമുള്ള പണം കൊടുത്തു. ഈ പണം ബാങ്ക് വഴിയാണു കിട്ടിയത് എന്ന് ഒരു മടിയുമില്ലാതെ പറയുന്നു.’

”ഇതു കണ്‍സല്‍ട്ടന്‍സി തുകയാണെന്നാണ് എം.വി.ഗോവിന്ദന്‍ പറയുന്നത്. മുതലാളിത്തത്തെ അനുകൂലിച്ച് എവിടെയൊക്കെ കണ്‍സല്‍ട്ടന്‍സികളുണ്ടോ അതു കമ്യൂണിസത്തിന് അപചയമാണെന്നാണ് പാര്‍ട്ടി തത്വം. പിന്നെങ്ങനെയാണ് ഗോവിന്ദന്‍ വീണയുടെ വിവാദത്തില്‍ ‘അതെല്ലാം രണ്ട് കമ്പനികളുടെ കണ്‍സല്‍ട്ടന്‍സികളാണെ’ന്ന് പറഞ്ഞത്. ഇതൊക്കെ ‘കമ്പനികള്‍ മാത്രമറിഞ്ഞാല്‍ മതിയെന്നും നാട്ടുകാരറിയേണ്ട കാര്യമല്ലെ’ന്നും എം.വി.ഗോവിന്ദന്‍ പറയാന്‍ കാരണം അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടറി കസേരയില്‍ കുറച്ചുകാലമിരിക്കണം എന്ന മോഹമുള്ളതുകൊണ്ടാണ്. എന്നാല്‍ അതു നടക്കില്ല.’

”പിണറായിലെ പാറപ്പുറത്ത് കോരേട്ടനുണ്ടാക്കിയ ഭൂമി വിറ്റ് വീണയ്ക്ക് സ്വര്‍ണം വാങ്ങികൊടുക്കാന്‍ പിണറായി വിജയനു പറ്റും. പക്ഷേ കടലോരത്തെ പാവപ്പെട്ട മനുഷ്യരുടെ കുടിലുകള്‍ നഷ്ടപ്പെടുത്തി കരിമണല്‍ കര്‍ത്തയെ വലിയ ആളാക്കി മാറ്റിയിട്ട് കോടിക്കണക്കിന് രൂപ എണ്ണിവാങ്ങാന്‍ പാടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് കേരളത്തിലെ നേതാക്കള്‍ മറുപടി പറഞ്ഞാല്‍ മതിയെന്നാണ് യച്ചൂരിയുടെ നിലപാടെങ്കില്‍ പാര്‍ട്ടിക്ക് ഒരു ദേശീയകമ്മിറ്റി എന്തിനാണ്?’

മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വി.എസ്. അച്യുതാനന്ദന്‍ നടന്നുവരുമ്പോള്‍ അഭ്യസ്തരായവര്‍ എഴുന്നേറ്റുനിന്ന് ആദരിച്ചിരുന്നു. അഴിമതി അനുവദിക്കില്ലെന്ന ശക്തമായ നിലപാടുള്ളയാളായിരുന്നു വിഎസ്. എന്നാല്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെപ്പോലുള്ളവരെ കാണുമ്പോള്‍ ‘ഈ ഭരണമൊന്ന് അവസാനിച്ചെങ്കിലെ’ന്നാണ് അഭ്യസ്ഥവിദ്യര്‍ കരുതുന്നത്.

വീണ വിജയനെതിരെ അന്വേഷണം നടക്കുകയാണ്. ‘അത് ഒരു മോളല്ലേ’ എന്നു ചോദിച്ച് രക്ഷിക്കാനാണ് ഇ.പി.ജയരാജന്റെ ശ്രമം. ഇ.പി.ജയരാജന്റെ മകനെതിരെയും ഡല്‍ഹിയില്‍നിന്ന് അന്വേഷണം വരുന്നുണ്ട്. എത്ര കൈകോര്‍ത്ത് പിടിച്ചാലും ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Continue Reading