KERALA
മന്ത്രിയാകുന്നതിന് അയോഗ്യത ഒന്നുമില്ല.മന്ത്രിസഭാ പുനഃസംഘടന മുന്‍ നിശ്ചയപ്രകാരംതന്നെ നടക്കും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന മുന്‍ നിശ്ചയപ്രകാരംതന്നെ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അത് അങ്ങനെതന്നെ നടക്കും. കെ.ബി.ഗണേഷ് കുമാറിന് മന്ത്രിയാകുന്നതിന് അയോഗ്യത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും ജയരാജൻ പറഞ്ഞു.
‘സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ്. ഇടത് മുന്നണിയോ സിപിഎമ്മോ മറ്റു പാര്‍ട്ടികളോ ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഇല്ലാത്ത ഒരു വിഷയമാണ് ചില മാധ്യമങ്ങള്‍ ആധികാരികമായി പ്രസിദ്ധീകരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ജയരാജന്‍ പറഞ്ഞു.
ഈ മാസം 20-ന് യോഗം ചേരാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും മുന്നണിയുടെ ഭാവി പരിപാടികള്‍ ഇതില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എല്‍ഡിഎഫ് എല്ലാ പാര്‍ട്ടികള്‍ക്കും പരിഗണന കൊടുക്കുന്ന മുന്നണിയാണ്. ഒരു അംഗം മാത്രമേ നിയമസഭയില്‍ ഉള്ളുവെങ്കിലും അവരെ കൂടി പരിഗണിക്കുക എന്ന വിശാല കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചില ഘടക കക്ഷികള്‍ക്ക് ഭരണ കാലഘട്ടത്തിന്റെ പകുതിസമയം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം കൊടുക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലില്ല. എല്ലാം പരിഗണിക്കേണ്ടതുണ്ട്. നാല് പാര്‍ട്ടികള്‍ക്ക് പകുതി സമയം എന്ന് പരസ്യമായി പറഞ്ഞാണ് അധികാരമേറ്റത്.ധാരണയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഗണേഷ് കുമാര്‍ ഒരു മന്ത്രിയാകാതിരിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ ഞങ്ങളുടെ മുന്നിലില്ല’ ജയരാജന്‍ പറഞ്ഞു.സോളാര്‍ കേസില്‍ അന്വേഷണംവേണ്ടെന്ന് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.