KERALA
എഎൻ ഷംസീർ സ്പീക്കർ സ്ഥാനം ഒഴിഞ്ഞേക്കും. വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭ പുനസംഘടനയ്ക്ക് ഒരുങ്ങി എൽഡിഎഫ്. അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ മാറാനുള്ള സാദ്ധ്യതയുണ്ട്. കെബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തും
നവംബറിൽ പുനസംഘടന നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ ഒറ്റ എംഎൽഎമാരുള്ള പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമിൽ ആന്റണിരാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിമാരായത്. ഇവർക്ക് പകരം ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാവും
.മന്ത്രിസഭ പുന:സംഘടനയ്‌ക്കൊപ്പം മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. എഎൻ ഷംസീർ സ്പീക്കർ സ്ഥാനം ഒഴിഞ്ഞേക്കും. വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ സ്പീക്കർ സ്ഥാനത്തേക്കായിരിക്കും പരിഗണിക്കുക. അങ്ങനെയെങ്കിൽ ഷംസീർ മന്ത്രിസഭയിൽ എത്തും. ഷംസീറിന് ആരോഗ്യവകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ കെ.പി മോഹനന് മന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ ഷംസീറിന്റെ മന്ത്രി സ്ഥാനം ഇല്ലാതാവും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുള്ള മുഖംമിനുക്കൽ നടപടി കൂടിയാണ് മന്ത്രിസഭ പുന:സംഘടന