International
ഗാസയിലെ മേഖലകളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം.ഒരിക്കലും ഇല്ലാത്തവിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്, അതിനി ആവര്‍ത്തിക്കില്ല

ജറുസലേം: ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യം അടിയന്തരമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ നിര്‍ദയം അടിച്ചമര്‍ത്തും. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു അവകാശപ്പെട്ടു.
ഗാസയില്‍ താമസിക്കുന്നവരോട് പുറത്തുപോകാന്‍ പറഞ്ഞ ഇസ്രായേല്‍, തങ്ങളുടെ എല്ലാശേഷിയും ഉപയോഗിച്ച് അവിടെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. കുഞ്ഞുങ്ങളേയും അമ്മമാരെയും അവരുടെ വീട്ടില്‍, കിടക്കകളില്‍ വധിക്കുന്ന ശത്രുക്കളാണ് ഇവര്‍. മുതിര്‍ന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുന്നു. പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധിദിനത്തില്‍ അവര്‍ ആനന്ദിക്കുകയാണ്. മുമ്പ് ഒരിക്കലും ഇല്ലാത്തവിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്, അതിനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിക്കുമെന്ന് അവകാശപ്പെട്ട നെതന്യാഹു, പോരാട്ടം ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടി.
. ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവരുമായി സംസാരിച്ചു. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, മറ്റു സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗാസയിലെ ഏഴ് മേഖലകളില്‍ ആളുകളോട് ഒഴിഞ്ഞുപോവാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരകേന്ദ്രങ്ങളിലെ ഷെല്‍ട്ടറുകളിൽ അഭയംതേടാനാണ് നിര്‍ദേശം. ഇതേത്തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ഇവിടംവിട്ടു പോകാന്‍ ആരംഭിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഇരു വിഭാഗത്തിലും പെട്ട 600 ലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു.1570 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.