Connect with us

Crime

വിധിയിൽ സന്തോഷമെന്ന് കെ.കെ രമ ‘ സി.പി.എം തന്നെയാണ് ഇതിനകത്ത് പ്രതിയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു

Published

on

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിലെ  വിധിയിൽ സന്തോഷമെന്ന് ടി.പിയുടെ ഭാര്യയും  എം.എൽ.എയുമായി കെ.കെ രമ. തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നുവെന്ന് രമ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ വളരെ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. അതോടൊപ്പം മുന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണന്‍, കൂത്തുപറമ്പിലെ ജ്യോതിബാബു എന്നിവർ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാര്‍ട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ടുനിന്ന വാദമാണ് കോടതിയിൽ നടന്നത്. അഭിഭാഷകർ നല്ല രീതിയിൽ കേസ് കെെകാര്യം ചെയ്തു. ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും കെ.കെ. രമ പറഞ്ഞു.

സി.പി.എം തന്നെയാണ് ഇതിനകത്ത് പ്രതിയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. കെ.കെ. കൃഷ്ണന്‍ അക്കാലത്തെ ഏരിയാ കമ്മിറ്റി അംഗമാണ്. അവരും കൂടെ പ്രതിയാകുന്നതോടെ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് പുറത്തുവരികയാണ്. വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമൊക്കെ കേസിനുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് മാസവും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരന്‍ മാഷ് ഇവിടെ വന്ന് സ്ഥിരമായിട്ട് കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. പാര്‍ട്ടിയാണ് കേസ് നടത്തിയത്. കൊലയാളികള്‍ക്കായുള്ള കേസും പാര്‍ട്ടിയാണ് നടത്തുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് നീതിയാണ്. ഇനി ഇതുപോലത്തെ കൊലപാതകം നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന് മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. ഇത്തരത്തില്‍ നാട്ടില്‍ നീതി നടപ്പാക്കപ്പെടണം. ഒപ്പം നിന്ന കോടതിക്കും മാധ്യമങ്ങൾക്കും പോലീസ് ഉദ്യോ​ഗസ്ഥർക്കും നന്ദി പറയുന്നുവെന്നും രമ പറഞ്ഞു.പൊട്ടിക്കരഞ്ഞുകൊണ്ടാണ് കെ.കെ. രമ വിധി പ്രസ്താവം കേട്ടത്.

Continue Reading