KERALA
പി. ശശിയ്‌ക്കെതിരായ പരാതികള്‍ അന്വഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ വെക്കുന്നതില്‍ ഇന്ന് തീരുമാനം ആയേക്കും

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കുമെതിരായ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. പി ശശി അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്നുമാണ് പിവി അന്‍വറിന്റെ ആക്ഷേപം. ഇക്കാര്യം പരാതിയായി പാര്‍ട്ടി സെക്രട്ടറിയ്ക്കും നല്‍കിയിരുന്നു. ശശിയ്‌ക്കെതിരായ ഗുരുതര പരാതികള്‍ അന്വഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ വെക്കുന്നതില്‍ ഇന്ന് തീരുമാനം ആയേക്കും.
അതേസമയം, ആര്‍എസ്എസ് ബന്ധമടക്കം ഗുരുതര ആരോപണം നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടക്കും. ഭൂരിപക്ഷം അംഗങ്ങള്‍ക്കും അജിത് കുമാര്‍ തുടരുന്നതില്‍ എതിര്‍പ്പുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. അതേസമയം, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും ചര്‍ച്ചക്ക് വരും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പാര്‍ട്ടി നേതൃയോഗം ഇന്ന് പൊതു രാഷ്ട്രീയ സാഹചര്യവും സംഘടനാ വിഷയങ്ങളുമാണ് ചര്‍ച്ചക്ക് എടുക്കുന്നത്. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും അതിന്‍മേല്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നടപടികളിലും പാര്‍ട്ടി നയരൂപീകരണം നടത്തും.
ഇന്നലെ ആരംഭിച്ച സംസ്ഥാന നിര്‍വാഹക സമിതിയില്‍ സംഘടനാ വിഷയങ്ങളാണ് പരിഗണിച്ചത്. പാര്‍ട്ടി പത്രത്തിന്റെയും മാസികയുടെയും പ്രചാരണം ശക്തമാക്കുക, സര്‍വ്വമത സമ്മേളനം നടത്തുന്നത് ആലോചിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ആലോചനകള്‍ നടന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിക്കും എതിരെ ഉയര്‍ന്നുവരുന്ന അരോപണങ്ങള്‍ ഇടതുമുന്നണിയെ തന്നെ പ്രതിരോധത്തിലാക്കുന്നതാണെന്ന പൊതുവികാരം സിപിഐ നേതാക്കള്‍ക്കുണ്ട്. സംസ്ഥാന നിര്‍വാഹ സമിതിയിലെ തീരുമാനം സിപിഐ, സിപിഎമ്മിനെ അറിയിക്കും.