KERALA
കാസര്‍ക്കോട്ടുകാര്‍ക്ക് മന്തി തിന്നാന്‍ മാത്രമേ നേരമുള്ളൂ. പത്രം വായിക്കില്ലെന്നും അന്‍വര്‍
കാസര്‍കോട്: കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അബ്ദുല്‍ സത്താറിന്റെ വീട് പി.വി. അന്‍വര്‍ എം.എല്‍.എ സന്ദർശിച്ചു. സത്താറിന്റെ കുടുംബത്തിന് വീടുവെച്ച് നല്‍കണം. സത്താറിനെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അൻവർ പറഞ്ഞു. കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ അയക്കുന്നത്. കാരണം ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അന്‍വര്‍ ആരോപിച്ചു.
കേരളം ഒരാഴ്ചയിലേറെയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മാനുഷികമായ വിഷയമാണ് ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ. സുപ്രഭാതംതൊട്ടുള്ള മുഴുവന്‍ വെയിലും കൊള്ളുന്നവരാണ് ഓട്ടോ തൊഴിലാളികള്‍. കേരളത്തില്‍ പോലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഓട്ടോക്കാരും ബൈക്ക് യാത്രക്കാരും. സര്‍ക്കാര്‍ മുന്നില്‍വെയ്ക്കുന്ന ടാര്‍ജെറ്റ് പൂര്‍ത്തീകരിക്കാന്‍ റോഡിലിറങ്ങി ഇവര്‍ക്കുനേരെ ഗുണ്ടായിസം കാണിക്കുകയാണ് പോലീസ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ ഗതിയില്ലെന്നും അൻവർ പറഞ്ഞു.
രാവിലെ മുതല്‍ ഓടിക്കിട്ടുന്നത് നാനൂറോ അഞ്ഞൂറോ രൂപയാണ്. ഇതുകൊണ്ട് കുടുംബം പോറ്റുന്നവരാണിവര്‍. അത് പോലീസ് പിഴിഞ്ഞെടുക്കുന്നു. ഓട്ടോ നടുറോഡിലിട്ട് താക്കോല്‍ ഊരിപ്പോവുകയാണ് പോലീസിലെ ഒരു ഗുണ്ട. റോഡ് ബ്ലോക്കാവുന്നു. താക്കോല്‍ കൊണ്ടുപോയാല്‍ ഞാന്‍ എങ്ങനെ വണ്ടിയെടുക്കുമെന്നാണ് ഡ്രൈവര്‍ ആ വീഡിയോയില്‍ ചോദിക്കുന്നത്. നാലുദിവസം വണ്ടി പോലീസ് സ്‌റ്റേഷനില്‍ പിടിച്ചുവെച്ചു. എന്നിട്ടും എന്തുകൊണ്ട് കാസര്‍കോട്ടുകാര്‍ പ്രതികരിച്ചില്ല.യൂണിയന്‍ നേതാക്കളൊക്കെ എവിടെയായിരുന്നെന്നും അന്‍വര്‍ ചോദിച്ചു.
പിടികൂടിയവര്‍ക്ക് മുന്നില്‍വെച്ച് കാല്‍ ബോണറ്റിന് മുകളില്‍ കയറ്റിവയ്ക്കണമെന്നാണ് പോലീസിന്റെ ആഗ്രഹം. പക്ഷേ, അങ്ങോട്ട് എത്താത്തതുകൊണ്ടാണ് ബമ്പറില്‍ വെയ്ക്കുന്നത്. ഓട്ടോറിക്ഷക്കാര്‍ ഒരുദിവസം പണിമുടക്കിയാല്‍ കേരളത്തിന്റെ അവസ്ഥയെന്താണ് ‘ പോലീസിനെതിരേ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അന്‍വര്‍ ചോദിച്ചു.
മതപണ്ഡിതനായ റിയാസ് മൗലവിയെ കാണാതായിട്ട് എത്ര ദിവസമായി.ഈ കേസിന്റെ അവസ്ഥയെന്താണ് ‘ കാസര്‍കോടിന് മെഡിക്കല്‍ കോളേജ് കിട്ടിയോ. കോവിഡ് കാലത്ത് ടാറ്റ 68 കോടി രൂപ മുടക്കി 90 ദിവസംകൊണ്ട് കാസര്‍കോട്ട് ഒരാശുപത്രി പണിതുതന്നു. ആശുപത്രിയായി നിര്‍മിച്ച് സര്‍ക്കാരിനെ ഏല്‍പ്പിച്ച അതിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ് ‘ നാട്ടുകാരെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ പിരിവെടുത്ത് നല്ല ഡോക്ടര്‍മാരെ വയ്ക്കുമായിരുന്നു. അതിനെതിരെയും കാസര്‍കോട്ടുകാര്‍ പ്രതികരിച്ചിട്ടില്ല. കാസര്‍ക്കോട്ടുകാര്‍ക്ക് മന്തി തിന്നാന്‍ മാത്രമേ നേരമുള്ളൂ. പത്രം വായിക്കില്ലെന്നും അന്‍വര്‍ കുട്ടിച്ചേർത്തു.
