Crime
കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മുഖത്തടക്കം മുറിവ്

കോട്ടയം: ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യവസായിയും തിരുവാതുക്കൽ സ്വദേശിയുമായ വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തം വാർന്നനിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും മുഖത്ത് ആയുധമുപയോഗിച്ചുള്ള മുറിവുകളുണ്ട്
.
രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മുറികളിലായിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകങ്ങൾ എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല. വീട്ടിൽ സെക്യൂരിറ്റി ഉണ്ടായിരുന്നു. ഇയാൾ മലയാളിയല്ല. വർഷങ്ങളായി ദമ്പതികളുടെ കൂടെയുണ്ടായിരുന്നയാളാണ്.വിജയകുമാറിന്റെ വീട്ടിൽ മുമ്പ് ഒരു ബംഗാളി ജോലി ചെയ്തിരുന്നു. ഇവിടെ നിന്ന് മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസ് കൊടുത്തിരുന്നു. അയാൾ പ്രതികാരം തീർത്തതാണോയെന്ന സംശയം നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്.കോട്ടയത്തെ പ്രമുഖ വ്യവസായി കൂടിയാണ് വിജയകുമാർ. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ്. മോഷണ ശ്രമമോ മറ്റോ നടന്നിട്ടുണ്ടോയെന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. ദമ്പതികൾക്ക് രണ്ട് മക്കളാണ്. മകൻ നേരത്തെ മരിച്ചു. മകൾ വിദേശത്താണ്.