Connect with us

KERALA

മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് സ്വന്തം സ്ഥാനാർഥികൾ വേണ്ട; ‘സ്വതന്ത്ര പരീക്ഷണം’ തുടരാൻ സിപിഎം

Published

on

മലപ്പുറം : പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ അനുഭാവി വോട്ടുകൾ ആകർഷിക്കാനാകുന്നില്ലെന്ന നിലമ്പൂർ പാഠം ഉൾക്കൊണ്ട് സ്വതന്ത്ര‌രെ തന്നെ മലപ്പുറത്ത് മത്സരിക്കാൻ സിപി എം തീരുമാനം ‘ജില്ലയിലെ ‘സ്വതന്ത്ര പരീക്ഷണം’ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം തുടർന്നേക്കും. നിലവിൽ, ജില്ലയിലെ മൂന്നു ഇടതുപക്ഷ എംഎൽഎമാരിൽ രണ്ടു പേർ സിപിഎം സ്വതന്ത്രരാണ്.

ജില്ലയിലെ എം എൽ എ യായ കെ.ടി.ജലീൽ ഇനി മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രി വി.അബ്ദുറഹിമാൻ താനൂരിൽ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ചു മനസ്സു തുറന്നിട്ടില്ല. പി.വി.അൻവർ ഉയർത്തിയ കലാപം മുൻനിർത്തി, കഴിയുന്നത്ര സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ സജീവമായിരുന്നു. നിലമ്പൂർ ഫലം പക്ഷേ സ്വതന്ത്രരെ ഒഴിവാക്കി ജില്ലയിൽ ജയിക്കാനുള്ള കരുത്ത് കൈവരിച്ചിട്ടില്ലെന്ന തിരിച്ചറിവ് പാർട്ടിക്കു നൽകിയിട്ടുണ്ട്.

തവനൂർ മണ്ഡലം നിലവിൽ വന്ന 2011 മുതൽ അവിടെ മത്സരിക്കുന്നതു സ്വതന്ത്രൻ കെ.ടി.ജലീലാണ്. യുഡിഎഫിനു ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടിനു പുറമേ ജലീലിനു സ്വന്തമായി ലഭിക്കുന്ന വോട്ടുകൾകൂടി ചേർന്നാണു ജയത്തിലേക്കെത്തുന്നത്. നിലമ്പൂരിലും സ്ഥിതി സമാനമായിരുന്നു. ഇടതുപക്ഷ വോട്ടിനൊപ്പം അൻവറിന്റെ ‘സ്വന്തം’ വോട്ടുകൾകൂടി ചേർന്നാണു രണ്ടു തവണ അവിടെ വിജയിച്ചത്.

എം.സ്വരാജിനെ രംഗത്തിറക്കി, സർവസന്നാഹങ്ങളോടെ പ്രചാരണം നടത്തിയിട്ടും 2006ൽ പി.ശ്രീരാമകൃഷ്ണൻ നേടിയ വോട്ട് പോലും നേടാനാകാത്തതു പാർട്ടിയെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. അൻവർ കൊണ്ടുവന്ന വോട്ടുകൾ അതേപടി അദ്ദേഹം പിടിക്കുകയും ചെയ്തു.

പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണു തവനൂർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 16,000നു മുകളിൽ വോട്ടിന്റെ ലീഡുണ്ട്. ജലീലിനു പകരം അവിടെ മറ്റൊരു സ്വതന്ത്രൻ വരാനാണു സാധ്യത.
വി.അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 42,000 വോട്ടാണു ലീഡ്. മുൻ കോൺഗ്രസുകാരൻ കൂടിയായ അബ്ദുറഹിമാൻ വ്യക്തിപരമായി പിടിക്കുന്ന വോട്ടാണ് അവിടെ എൽഡിഎഫിനു കരുത്താകുന്നത്. ഒരുവട്ടംകൂടി അദ്ദേഹംതന്നെ മത്സര രംഗത്തിക്കാനാണ് നീക്കം

മലപ്പുറം ജില്ലയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും വലിയ വിജയം നേടിയതു 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ആകെയുള്ള 12 സീറ്റിൽ സ്വന്തം ചിഹ്നത്തിൽ മത്സരിച്ച മൂന്നെണ്ണം ഉൾപ്പെടെ അഞ്ചു സീറ്റുകൾ സിപിഎമ്മിനു ലഭിച്ചു. ഇതിൽ പൊന്നാനിയിൽ മാത്രമാണു പാർട്ടിക്കു പിന്നീടു സ്വന്തം നിലയിൽ ജയിക്കാനായത്. കുറ്റിപ്പുറം മണ്ഡലം പുനർനിർണയത്തോടെ ഇല്ലാതായി. തിരൂരും മങ്കടയും പെരിന്തൽമണ്ണയും യുഡിഎഫ് തിരിച്ചുപിടിച്ചു. ഇവയിൽ ചിലതിലെങ്കിലും എൽഡിഎഫിനു വേണ്ടി അടുത്ത തവണയും സ്വതന്ത്രർ തന്നെ രംഗത്തിറങ്ങാനാണു സാധ്യതയെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

Continue Reading