KERALA
കര്‍ഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളി
ആലപ്പുഴ :കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് വി.എസ്. അച്യുതാനന്ദന്റേത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20-നാണ് ശങ്കരന്റെയും അക്കമ്മയുടെ മകനായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്.
തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ് വി.എസിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമാവുകയായിരുന്നു. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. ആലപ്പുഴയിലെ കര്‍ഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായിട്ടുള്ള നേതാവാണ് വി.എസ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ സമരമാണ് 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭം. ഇത് അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് എത്താന്‍ സഹായിച്ചിട്ടുണ്ട്.
കേരളം എന്ന സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പുതന്നെ വി.എസ് അച്യുതാനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിര്‍ണായക ശക്തിയായിരുന്നു. പില്‍ക്കാലത്ത് എ.കെ.ജിയുടെ പിന്‍മുറക്കാരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ ഒമ്പത് അംഗങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍.
പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ തേടിയെത്തുമ്പോഴും പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ആദ്യകാലം ശോഭനമായിരുന്നില്ല. 1965-ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സ്വന്തം മണ്ഡലമായ അമ്പലപ്പുഴയില്‍ മത്സരിച്ചിട്ടു പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.എസ്. കൃഷ്ണക്കുറുപ്പിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍.
