Crime
കാസർകോട് ഷവർമ്മ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
കാസർകോട് :ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികൾ ആശുപത്രിയിൽ. കാസർകോട് പള്ളിക്കര പൂച്ചക്കാട് ആണ് സംഭവം. നബിദിന ആഘോഷങ്ങൾക്കുശേഷം ബോംബെ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നബിദിന ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കമ്മിറ്റി ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാലിത് തികയാതെ വന്നപ്പോൾ 15 ഷവർമ്മ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് വാങ്ങി. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.13 പെൺകുട്ടികൾ ഉൾപ്പടെ അസ്വസ്ഥതകൾ അനുഭവപ്പെട്ട 14 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരിൽ നാലുപേർ ഗുരുതരാവസ്ഥയിലാണ്. പത്തുപേർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഷവർമ്മയ്ക്കായി ഉപയോഗിച്ചത് പഴയ ഇറച്ചിയാണെന്ന് ഹോട്ടൽ നടത്തിപ്പുകാർ സമ്മതിച്ചതായി പള്ളിക്കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. 4 ദിവസം മുന്നേ വെട്ടിയരിഞ്ഞ് കമ്പിയിൽ കയറ്റിയ ചിക്കനാണ് വില്ലനായത് .ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ കഴിയില്ലെന്നും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബേക്കൽ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണ്.
