Connect with us

KERALA

എട്ടുമുക്കാലട്ടി വച്ചതു പോലെ’: പ്രതിപക്ഷ എംഎല്‍എയെ പരിഹസിച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം :സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിയമസഭ തുടര്‍ച്ചയായി ഇന്നും  പ്രക്ഷുബ്ധമായി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ദേവസം മന്ത്രി രാജിവയ്ക്കുകയും ദേവസ്വം അംഗങ്ങളെ പുറത്താക്കുകയും ചെയ്യും വരെ സഭാനടപടികളുമായി നിസഹകരിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

അതേസമയം, നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കര്‍ക്കു മുന്നില്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ കസേരയ്ക്കു മുന്നില്‍ നിരന്ന വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷാംഗങ്ങള്‍ അടിക്കുകയാണെന്ന് പറഞ്ഞ് മന്ത്രി ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും രോഷാകുലരായി എഴുന്നേറ്റു. റോജിയെ സഭയില്‍നിന്ന് പുറത്താക്കണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഭരണപക്ഷാംഗങ്ങളും പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.

സഭാ നടപടികള്‍ സുഗമമായി നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ രാവിലെ എട്ടരയ്ക്ക് കക്ഷിനേതാക്കളെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം പങ്കെടുത്തില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ കക്ഷി നേതാക്കള്‍ എത്തിയെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു. ഒരു തരത്തിലുള്ള സമവായത്തിനും പ്രതിപക്ഷം തയാറല്ലെന്നുള്ളതിന്റെ തെളിവാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു പ്രശ്‌നത്തിനും മറുപടി പറയാന്‍ തയാറാണ്. പക്ഷേ അവര്‍ക്കു വസ്തുതകളെ ഭയമാണ്. വല്ലാത്ത പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ അതിനെ ഒന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്ന ശീലമാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതിയിലും അതേ നിലപാടാണ് സ്വീകരിച്ചത്. ശബരിമല വിവാദത്തില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അത് കുറ്റമറ്റ രീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. എന്നാല്‍ സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വനിത വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ ഉള്‍പ്പെടെ പ്രതിപക്ഷാംഗങ്ങള്‍ ആക്രമിക്കുന്ന അവസ്ഥയാണെന്നും അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കുന്നത് ദൗര്‍ബല്യമായി കണ്ടാണ് പ്രതിപക്ഷം അവസരങ്ങള്‍ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടാക്കിയ പ്രതിപക്ഷ എംഎല്‍എയുടെ ഉയരക്കുറവിനെ മുഖ്യമന്ത്രി പരിഹസിച്ചു. എട്ടുമുക്കാലട്ടി വച്ചതു പോലെ തന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ശരീരശേഷി വച്ചല്ല അതെന്നും എംഎല്‍എ എന്ന പരിരക്ഷ ഉപയോഗിച്ചാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും മുഖ്യമന്ത്രി പരിഹസിച്ചു. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ട പ്രതിപക്ഷ എംഎല്‍എ എന്നാണ് മാത്യു കുഴല്‍നാടനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഡയസിലേക്ക് ഓടിക്കയറാന്‍ വേണ്ടി ഈ എംല്‍എല്‍എ തയാറായി നില്‍ക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading