Connect with us

KERALA

രാഷ്ട്രപതി ഇന്ന് ശബരിമലയിൽ, പമ്പയിൽ കെട്ടുനിറയ്ക്കും. ഒരുമണിക്കൂർ 10 മിനിറ്റ് സോപാനത്ത് രാഷ്ട്രപതി ഉണ്ടാകും.

Published

on

പത്തനംതിട്ട : പമ്പയിൽനിന്ന് ഇരുമുടിക്കെട്ടുനിറച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ബുധനാഴ്ച ഉച്ചയോടെ ശബരിമലയിൽ അയ്യപ്പദർശനം നടത്തും
പതിനെട്ടാംപടി ചവിട്ടി രാവിലെ 11.50-ന് മേലേതിരുമുറ്റത്തെത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഒരുമണിക്കൂർ 10 മിനിറ്റ് സോപാനത്ത് രാഷ്ട്രപതി ഉണ്ടാകും.

രാഷ്ട്രപതിയെയുംകൊണ്ട് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഹെലിക്കോപ്റ്റർ കാലാവസ്ഥാപ്രശ്നം മൂലം നിലയ്ക്കൽ ഇറങ്ങില്ല. പകരം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറങ്ങുക. ഇതിനുള്ള ട്രയൽ റൺ നേരത്തേ നടത്തിയിരുന്നു. പ്രമാടത്ത് ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11.50-ഓടെ സന്നിധാനത്തെത്തും. നേരത്തേ നിലയ്ക്കലിലിറങ്ങി, പമ്പയിലേക്ക് പുറപ്പെടാനായിരുന്നു പദ്ധതി. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ രാവിലെ തീരുമാനം മാറ്റുകയായിരുന്നു. 

ഗൂർഖ വാഹനവ്യൂഹത്തിലാണ്  രാഷ്ട്രപതി മലയിലേക്ക് പുറപ്പെടുക. പമ്പ ഗണപതിക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കും. ക്ഷേത്രമേൽശാന്തിമാരായ വിഷ്ണുനമ്പൂതിരി, ശങ്കരൻനമ്പൂതിരി എന്നിവരാണ് കെട്ടുനിറച്ചുനൽകുന്നത്. എത്രപേരാണ് രാഷ്ട്രപതിയുടെ കൂടെയുണ്ടാകുകയെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിട്ടില്ല. 50 പേർക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം പമ്പയിൽ ഒരുക്കുന്നുണ്ട്.

ശബരിമലദർശനം കഴിഞ്ഞശേഷം രാഷ്ട്രപതി, സന്നിധാനത്ത് പ്രധാന ഓഫീസ് കോംപ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് രണ്ടുമണിക്കൂർ തങ്ങുന്നത്. ഈ കെട്ടിടം രണ്ടുദിവസമായി സുരക്ഷാ ഏജൻസികളുടെ നിയന്ത്രണത്തിലാണ്. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം ഈകെട്ടിടത്തിൽ ഈയിടെ നവീകരിച്ച അടുക്കളയിൽ തയ്യാറാക്കും. ഇതിനായി രാഷ്ട്രപതിഭവൻ ജീവനക്കാർ എത്തിയിട്ടുണ്ട്. 3.10-ന് സന്നിധാനത്തുനിന്ന് മടങ്ങുന്ന രാഷ്ട്രപതി 4.20-ന് നിലയ്ക്കൽനിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററിൽ തിരിക്കും.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വരവ് ശബരിമലയുടെ വികസനത്തിനുകൂടി പ്രയോജനപ്പെട്ടേക്കും.

Continue Reading