Connect with us

KERALA

പി.എസ്. പ്രശാന്തിന്റെ കാലാവധി നീട്ടില്ല :എ. സമ്പത്തിനെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്

Published

on

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പി.എസ്. പ്രശാന്തിന്റെ കാലാവധി നീട്ടില്ല. ശബരിമല സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം ബോര്‍ഡിനെതിരേ ഹൈക്കോടതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് ഈ നീക്കം. പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ അടുത്ത സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കും. പി.എസ്. പ്രശാന്തിന് പകരം മുന്‍ എംപി എ. സമ്പത്തിനെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നതെന്നാണ് സൂചന.

പി.എസ്. പ്രശാന്തിന്റെ കാലാവധി നീട്ടിനല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തേ തീരുമാനിച്ചിരുന്നു. ഒരുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, സ്വര്‍ണപ്പാളി കേസില്‍ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങളും കേസിലെ അന്വേഷണം നിലവിലെ ബോര്‍ഡിലേക്കും നീങ്ങുന്നത് കണ്ടതോടെയാണ് സിപിഎം തീരുമാനം മാറ്റിയത്. അതേസമയം, ദേവസ്വം ബോര്‍ഡിലേക്കുള്ള തങ്ങളുടെ അംഗത്തെ സിപിഐ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കൗണ്‍സില്‍ അംഗമായ വിളപ്പില്‍ രാധാകൃഷ്ണനാണ് സിപിഐ പ്രതിനിധിയായി ദേവസ്വം ബോര്‍ഡിലെത്തുക.

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ശബരിമലയിലെ സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചയിലെ അന്വേഷണം നീണ്ടതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയാതി ‘മാതൃഭൂമി’ ഇന്ന് റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ബോര്‍ഡിന്റെ കാലാവധി 13-ന് കഴിയും. അതിനു മുന്‍പായി പുതിയ ബോര്‍ഡിനെ തിരഞ്ഞെടുക്കാനുള്ള നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഈ മാസം 17-നാണ് മണ്ഡലകാലം തുടങ്ങുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായാല്‍, അടിയന്തരസാഹചര്യം കമ്മിഷനെ ബോധ്യപ്പെടുത്തി ബോര്‍ഡ് തിരഞ്ഞെടുപ്പിനുള്ള അനുമതി വാങ്ങിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പി.എസ്. പ്രശാന്ത് പ്രസിഡന്റായ നിലവിലെ ബോര്‍ഡിന്റെ കാലാവധി ഒരുവര്‍ഷംകൂടി നീട്ടിനല്‍കാനുള്ള നീക്കത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചയിലെ അന്വേഷണത്തില്‍ നിലവിലെ ബോര്‍ഡുകൂടി ഉള്‍പ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് സര്‍ക്കാര്‍ പിന്മാറിയത്.

നിയമസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കമ്മിഷന്റെ അനുമതിയും വാങ്ങിയെടുത്ത് പുതിയ ബോര്‍ഡിന് വേഗം അധികാരമേല്‍ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്തെങ്കിലും തടസ്സം വന്നാലേ മറ്റുവഴികള്‍ ആലോചിക്കുകയുള്ളൂ.

കമ്മിഷന്റെ അനുമതിയോടെ നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കുക, ബോര്‍ഡ് കാലാവധി കഴിയുകയും പുതിയ ബോര്‍ഡിനെ തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഒരു സമിതിയെ നിയോഗിച്ച് മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് മറ്റുമാര്‍ഗങ്ങള്‍.

Continue Reading