Crime
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ . ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലാണ് വധശിക്ഷ വിധിച്ചത്.
ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേഷ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ . ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലാണ് വധശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പോലീസ് നടപടി സംബന്ധിച്ച കേസിലാണ് വിധി. ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി തിരഞ്ഞെടുപ്പാണെന്നാണ് ട്രിബ്യൂണൽ കണ്ടെത്തൽ. ‘മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞെ’ന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ പറഞ്ഞു.
കഴിഞ്ഞവർഷമുണ്ടായ ബഹുജനപ്രക്ഷോഭം അടിച്ചമർത്തിയെന്നപേരിലാണ് ഷെയ്ഖ് ഹസീന വിചാരണ നേരിടുന്നത്. ഹസീനയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസമാൻ ഖാൻ കമാൽ, അന്നത്തെ ഐജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റുപ്രവൃത്തികൾ എന്നിവയ്ക്കാണ് ഹസീനയുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഇതിന്‍റെ പേരിലാണ് ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വീടിന് മുന്നിൽ വലിയ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഹസീനയുടെ വീടിന് മുന്നിൽ ബുൾഡോസറുകളും നിർത്തിയിട്ടതായുള്ള റിപ്പോർട്ടുകളുമുണ്ട്.
2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് നാടുവിട്ട ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്.
അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങൾ തെറ്റാണെന്നും ഇത്തരത്തിൽ ഒരു കുറ്റവിചാരണയെ താൻ കാര്യമാക്കിയെടുക്കുന്നില്ലെന്നും തന്നെ പിന്തുണക്കുന്നവർക്ക് അയച്ച ശബ്ദസന്ദേശത്തിൽ ഹസീന പറഞ്ഞു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തന്റെ പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അത് നടക്കില്ലെന്നും ഹസീന പറഞ്ഞു. “അത്ര എളുപ്പത്തിൽ അവാമി ലീഗിനെ ഇല്ലാതാക്കാൻ സാധിക്കില്ല. അടിത്തട്ടിൽനിന്ന് വളർന്ന പാർട്ടിയാണ് ഇത്. അധികാരം പിടിച്ചെടുത്തയാളുടെ പോക്കറ്റിൽനിന്ന് കിളിർത്തുവന്നതല്ല”, ഹസീന പറഞ്ഞു.
