Connect with us

KERALA

അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി : സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Published

on

കൊച്ചി : കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇതു ഏറെ പരിതാപകരമായ അവസ്ഥയാണെന്നും കോടതി പറഞ്ഞു  . ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ.രതീഷിനെയും വിചാരണ ചെയ്യാൻ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. മൂന്നു വട്ടമാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ കടകംപള്ളി മനോജ് നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു
ജസ്റ്റിസ് എ.ബദറുദീൻ്റെ
വിമർശനം. 

കോടതിയലക്ഷ്യപരമായ നിലപാടാണ് സർക്കാർ നടത്തുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ‘‘സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ആരാണ് ഇതിനു പിന്നിൽ?’’– കോടതി ചോദിച്ചു. നിയമവാഴ്ചയെ അല്ല, രാഷ്ട്രീയ മേലാളന്മാരെയാണ് കേസിൽ ഉൾപ്പെട്ടവർ അനുസരിക്കുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വിമർശനം തുടർന്ന കോടതി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. ‘‘ഇടതുപക്ഷ സർക്കാർ അധികാരത്തില്‍ കയറുന്നത് അഴിമതി നടത്തില്ല എന്നു പറ‍ഞ്ഞാണ്. എന്നാൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി എന്നാണ് മനസിലാകുന്നത്. ഇതു പരിതാപകരമായ അവസ്ഥയാണ്’’ – കോടതി ചൂണ്ടിക്കാട്ടി

Continue Reading