Crime
തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടും. അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധിപ്പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ പ്രതികരിച്ചു. എന്നും അവള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ഉമ തോമസ് മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശത്തിലും പ്രതികരിച്ചു. ദിലീപിന്റേത് വളച്ചൊടിക്കലാണെന്നും ഇതുവരെ പറയാത്ത വാദങ്ങളാണ് ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ഇതൊക്കെ വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഉമ തോമസ് പറഞ്ഞു.
അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്നത് ആലോചനയിലുണ്ടെന്നും വിധി പകർപ്പ് പഠിച്ചതിനു ശേഷം തീരുമാനമെടുക്കുമെന്നും ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഉമ തോമസ് പറഞ്ഞു. ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഉമ തോമസിന്റെ പ്രതികരണം.
