Connect with us

KERALA

50 ശതമാനം കടന്ന് പോളിങ്ങ് :മലപ്പുറമാണ് പോളിങ്ങിൽ മുന്നിൽ.

Published

on

തിരുവനന്തപുരം :സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉച്ചയോടെ പോളിങ് 50 % കടന്നു.  ഉച്ചയ്ക്ക് 1.15 വരെയുള്ള കണക്കുപ്രകാരം 51.05 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. മലപ്പുറമാണ് പോളിങ്ങിൽ മുന്നിൽ. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.

സംസ്ഥാന സർക്കാരിനെതിരെ എവിടെയും ഒരു വികാരം കാണാനില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട്ട് വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ എന്നിവ പൊതുവേ ജനം ആകെ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
പയ്യന്നൂർ നഗരസഭ 17. പെരുമ്പ വാർഡിൽ കലക്ടറുടെ നിർദേശമനുസരിച്ച് വോട്ടെടുപ്പ് നിർത്തി വച്ചു.  ഐഡി കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതാണ് പ്രശ്നം.

കോഴിക്കോട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് വോട്ടർമാരെ കൊണ്ടുവന്ന ജീപ്പ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക്  പരുക്കേറ്റു. വയലട മണിച്ചേരി,  കാവുംപുറം പ്രദേശങ്ങളിൽ  വാഹന സർവീസ്  കുറവായതിനാൽ  വോട്ടർമാരെ  കൊണ്ടുപോകാൻ  ഏർപ്പെടുത്തിയതായിരുന്നു ജീപ്പ്.

ഇടതു സർക്കാരിന് ഭരണ നേട്ടങ്ങൾ പറയാനാകാത്തതിനാലാണ് ലൈംഗിക വിവാദങ്ങൾ ഉന്നയിക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 

നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്‌ലിം ലീഗ് വനിതാ സ്ഥാനാർഥിക്ക് നേരെ കയ്യേറ്റ ശ്രമം. പൊലീസിൽ പരാതി നൽകി.

മോറാഴ സൗത്ത് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ  ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. ലോട്ടറി വിൽപ്പന നടത്തുന്ന സുധീഷ് കുമാർ (48) ആണ് മരിച്ചത് . മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്  മാറ്റി.

മാണിയൂര്‍ സെൻട്രൽ എൽപി സ്‌കൂളിൽ ബിജെപി ബൂത്ത് ഏജന്റ് രാഹുലിനെ സിപിഎം പ്രവര്‍ത്തകർ ബൂത്തിൽ കയറി മർദിച്ചു. പരുക്കുകളോടെ മയ്യില്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Continue Reading