KERALA
എം.ബി. രാജേഷിന്റെ പഞ്ചായത്തിലും കെ.കെ രാഗേഷിൻ്റെ പഞ്ചായത്തിലും യു ഡി എഫ് ഭരണം
കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷിന്റെ പഞ്ചായത്തായ ചളവറയിൽ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. 16-ാം വാർഡായ കയിലിയാടിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം സന്ധ്യാ സുരേഷ് പ്രസിഡന്റാകും. 17 അംഗ പഞ്ചായത്തിലെ കക്ഷിനില: എൽഡിഎഫ്-8, യുഡിഎഫ്-8. എൻഡിഎ-1.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പഞ്ചായത്തായ മുണ്ടേരിയിൽ എൽഡിഎഫിന് തിരിച്ചടി. പഞ്ചായത്ത് ചരിത്രത്തിലാദ്യമായി യുഡിഎഫിന് ഭരണം ലഭിച്ചു. 22 വാർഡുകളുള്ള പഞ്ചായത്തിൽ കക്ഷിനില (എൽഡിഎഫ്-11, യുഡിഎഫ്-11) തുല്യമായിരുന്നു.
വോട്ടെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട് അസാധുവാകുകയായിരുന്നു. 12-ാം വാർഡ് പ്രതിനിധി സുനിൽകുമാർ ബാലറ്റ് പേപ്പറിന്റെ മറുവശത്ത് ഒപ്പിടാത്തതിനെ തുടർന്നായിരുന്നു ഇത്. ഇതോടെ പത്തിനെതിരേ 11 വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. മുസ്‌ലിം ലീഗിന്റെ സി.കെ. റസീനയാണ് പ്രസിഡന്റാവുക. കെ.കെ. രാഗേഷിനോടുള്ള പ്രതിഷേധ സൂചകമായി സുനിൽകുമാർ വോട്ട് അസാധുവാക്കിയതാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
