Connect with us

KERALA

ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ

Published

on

ആലപ്പുഴ: സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്നു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചികളിൽനിന്നു കിട്ടിയത് 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാൾ തിങ്കളാഴ്ച സന്ധ്യക്കാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ ഇടിച്ചുവീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ആശുപത്രിയിൽ നൽകിയ വിലാസം. തലയ്ക്കു പരിക്കുള്ളതിനാൽ വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും രാത്രിയോടെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെയാണ് ചാരുംമൂട് നഗരത്തിലെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടത്. നൂറനാട് പോലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി.

സഞ്ചികൾ സ്റ്റേഷനിൽ കൊണ്ടുവന്നു പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്‌സുകളും കണ്ടത്. തുടർന്ന്, പോലീസ് ചാരുംമൂട്ടിലെ പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി. എസ്.ഐ. രാജേന്ദ്രൻ, എ.എസ്.ഐ. രാധാകൃഷ്ണനാചാരി, സി.പി.ഒ. മണിലാൽ എന്നിവരും പഞ്ചായത്തംഗവും പൊതുപ്രവർത്തകനായ അരവിന്ദാക്ഷനും ചേർന്നാണ് നോട്ടുകൾ തരംതിരിച്ച് എണ്ണിത്തിട്ടപ്പെടുത്തിയത്.

രണ്ടായിരത്തിന്റെ 12 നോട്ടും സൗദി റിയാലും കൂട്ടത്തിലുണ്ടായിരുന്നു. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ട് അടുക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയിൽ സൂക്ഷിച്ചിരുന്നത്. ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ലെന്നും പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ പറഞ്ഞു.

Continue Reading