KERALA
എല്ലാം തന്ത്രിയിൽ അവസാനിപ്പിക്കാം എന്ന് സർക്കാർ കരുതേണ്ട.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും കേസിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കേസിൽ തന്ത്രി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമേ അത് ബോധ്യമാകൂ. അത് കോടതിയിൽ പറയേണ്ട കാര്യമാണ്. പക്ഷേ, ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും വലിയ തോതിൽ സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ല.’ അദ്ദേഹം പറഞ്ഞു.
‘ശബരിമലയിൽ നടന്ന തിരിമറികൾ അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവരൊക്കെ മന്ത്രിമാരായി ഇരിക്കുന്നത്. സ്വന്തം വകുപ്പിന്റെ കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക, പ്രത്യേകിച്ച് മാർക്‌സിസ്റ്റ് പാർട്ടി പോലെ ഒരു സംവിധാനത്തിൽ. അറസ്റ്റിലായവരെല്ലാം ഒരേ പാർട്ടിക്കരല്ലേ?’ മുരളീധരൻ ചോദിച്ചു.
‘സ്വന്തം പാർട്ടിക്കാർ സ്വർണം കടത്തിയത്, സിപിഎമ്മും അതിന്റെ തലപ്പത്തുള്ളവരും മന്ത്രിയും അടക്കം അറിഞ്ഞില്ല എന്നുപറഞ്ഞാൽ എങ്ങനെ ശരിയാകും. ഇപ്പോൾ ജയിലിൽ കിടക്കുന്ന നാലഞ്ച് പേരും തന്ത്രിയും ചേർന്നാൽ എല്ലാമായി, കേസ് കഴിഞ്ഞു എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കണ്ട.
‘എല്ലാം തന്ത്രിയിൽ അവസാനിപ്പിക്കാം എന്ന് സർക്കാർ കരുതേണ്ട. കേസ് പ്രതിപക്ഷം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. മന്ത്രിമാരെ രക്ഷിക്കാൻ ഏതെങ്കിലും വിധത്തിൽ ശ്രമം നടന്നാൽ പ്രതിപക്ഷം ശക്തമായി പ്രതികരിക്കും.’ എന്നും കോൺഗ്രസ് മുരളീധരൻ പറഞ്ഞു.
