Crime
വിശ്വാസി എന്ന് അവകാശപ്പെടുന്ന നിങ്ങൾ ദൈവത്തെ കൊള്ളയടിക്കുകയാണോയെന്ന് കോടതി
ന്യൂഡൽഹി: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിശ്വാസി എന്ന് അവകാശപ്പെടുന്ന നിങ്ങൾ ദൈവത്തെ കൊള്ളയടിക്കുകയാണോ എന്ന് ജാമ്യഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ദിപാങ്കർ ദത്തയുടെ അധ്യക്ഷയിൽ ഉള്ള ബെഞ്ച്
ചോദിച്ചു
സ്വർണ്ണപ്പാളികളിൽ വീണ്ടും സ്വർണം പൂശുന്നത് എന്തിനാണെന്നും സുപ്രീം കോടതി ആരാഞ്ഞു.
കഴിഞ്ഞ 77 ദിവസമായി വാസു ജയിലിൽ ആണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഷാജി പി ചാലി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. 75 വയസ്സിലധികം പ്രായമായി. വാസു ദേവസ്വം കമ്മിഷണർ ആയിരുന്നുവെന്നും, തിരുവാഭരണം കമ്മിഷണർ ആയിരുന്നില്ലെന്നും ഷാജി പി ചാലി ചൂണ്ടിക്കാട്ടി. അതിനാൽ ശബരിമലയിലെ സ്വർണം പൂശലുമായി വസുവിന് ബന്ധം ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
വസുവിന് ജാമ്യം അനുവദിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ജാമ്യത്തിന് വേണ്ടി അദ്ദേഹത്തിന് കീഴ്കോടതികളെ സമീപിക്കാമെന്നും അറിയിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ സി കെ ശശിയാണ് ഹാജരായത്.
