KERALA
ആർആർടിഎസ് കേരളത്തിൽ പ്രായോഗികമല്ല; കേന്ദ്രാനുമതി ലഭിക്കില്ല
പാലക്കാട്: പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ അതിവേഗ പാത കൊണ്ടുവരുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം സർപ്രൈസ് ആയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ പ്രഖ്യാപിച്ച ആർ ആർ ടി എസ് കേരളത്തിൽ പ്രായോഗികമല്ല. ഈ പദ്ധതി നടപ്പാക്കാൻ സാങ്കേതികമായി പറ്റില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
റാപിഡ് റെയിൽ പാതകൾ പ്രധാന നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും ബന്ധിപ്പിക്കാനുള്ളതാണെന്നും കേരളം മുഴുവൻ റാപ്പിഡ് റെയിൽ നിർമിക്കാൻ കേന്ദ്രാനുമതി ലഭിക്കില്ലെന്നും ഇ.ശ്രീധരൻ. തിരുവനന്തപുരം–കൊല്ലം പോലെ ചെറിയ റൂട്ടുകളിൽ റാപ്പിഡ് റെയിൽ നടപ്പാക്കാൻ കഴിയും – ഇ ശ്രീധരൻ പറഞ്ഞു. തൂണുകളിലും തുരങ്കങ്ങളിലുമായി നിർമിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്ക് ബദലായാണ് കേരളം റാപിഡ് റെയിൽ പാതകൾ കൊണ്ടുവരുന്നത്.
നേരിൽക്കണ്ടപ്പോൾ അതിവേഗ റെയിൽ പാതയെ മുഖ്യമന്ത്രി പുകഴ്‌ത്തിയിരുന്നു. ഇപ്പോൾ ഈ മാറ്റം സർക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോയെന്ന് അറിയില്ലെന്നും മെട്രോമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക കേരള സഭ ഉദ്ഘാടനത്തിൽ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ശ്രീധരൻ പറഞ്ഞത് കേട്ട് ദില്ലിക്ക് പോയപ്പോൾ കേന്ദ്രമന്ത്രിയുടെ മനസ്സിൽ പോലും പദ്ധതിയെ കുറിച്ച് അറിവില്ലെന്നായിരുന്നു പരിഹാസം. ഇതിന് മറുപടിയായാണ് ഇ ശ്രീധരൻ ഇന്ന് വാർത്താസമ്മേളനം നടത്തിയത്
ഇ.ശ്രീധരൻ നിർദേശിച്ച വേഗ റെയിൽ പദ്ധതിക്കു റെയിൽവേ മന്ത്രാലയത്തിൽനിന്ന് ഔദ്യോഗിക പ്രതികരണം ലഭിക്കാതിരുന്നതുകൊണ്ടും കേന്ദ്ര നഗരകാര്യമന്ത്രി അനുകൂലിച്ചതുകൊണ്ടുമാണ് പുതിയ ആർആർടിഎസ് പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നൽകിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ‘പ്രപ്പോസൽ’ തന്നാൽ അംഗീകരിക്കാമെന്നു കേന്ദ്ര നഗരകാര്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിച്ചതു വിശ്വാസത്തിലെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർആർടിഎസിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടിബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ശ്രീധരനെ വെട്ടാൻ കൂടിയാണ് സർക്കാർ ആർആർടിഎസിലേക്ക് മാറിയത്. കെ റെയിൽ അനിശ്ചിതത്വത്തിലായപ്പോഴാണ് ശ്രീധരൻ മുഖ്യമന്ത്രിക്ക് ബദൽ പാതാ നിർദ്ദേശംകൈമാറിയത്. അത് ഏറ്റെടുത്ത് സർക്കാർ മുന്നോട്ട് പോയെങ്കിലും പിന്നീടൊന്നും നടന്നില്ല. സർക്കാർതൻറെ നിർദ്ദേശംവേണ്ട രീതിയിൽ കേന്ദ്രത്തിലെത്തിച്ചില്ലെന്നായിരുന്നു ശ്രീധരൻറെ വിമർശനം. എന്നാൽ ബദൽ കൈവിടാൻ കാരണം ശ്രീധരൻ തന്നെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
