Connect with us

KERALA

സച്ചിദാനന്ദന്റെ പ്രസ്താവന യുഡിഎഫ് നിലപാട് ശരിവെക്കുന്നതാണെന്ന് വി.ഡി. സതീശൻ

Published

on

കണ്ണൂർ: കേരളത്തിലെ ഇടതുപക്ഷ സർക്കാർ
കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്ന് വ്യതിചലിച്ച് സംഘപരിവാറിന് സമാനമായ തീവ്ര വലതുപക്ഷ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  പുതുയുഗ യാത്രയുടെ ഭാഗമായി തലശ്ശേരിയിൽ  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിൻ്റെ വിവിധ തുറകളിലുള്ള 33 വിഭാഗം ആളുകളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ വലിയ ജനകീയ പ്രശ്നങ്ങളാണ് ഉയർന്നുവന്നതെന്നും സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണമായ അഭാവമാണ് നാട്ടിൽ പ്രകടമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തിന് ഇനിയൊരു ഭരണത്തുടർച്ച ഉണ്ടാകരുത് എന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവന യുഡിഎഫ് നിലപാട് ശരിവെക്കുന്നതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇടതു സഹയാത്രികർ പോലും ഭരണത്തുടർച്ച വേണ്ടെന്ന് ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പൊതുവികാരം സചിദാനന്ദനിലൂടെ പുറത്തുവന്നത്.
കമ്മ്യൂണിസ്റ്റുകാർക്ക് പോലും ഈ സർക്കാരിനോട് പിന്തുണയില്ലെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്‌ത നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ പേരിലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്ത‌തെങ്കിൽ, അതേ കാരണത്താൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് സതീശൻ ആവശ്യപ്പെട്ടു. തട്ടിപ്പുകാരനാണെന്ന് അറിയുന്നതിന് മുൻപുള്ള പഴയ ഫോട്ടോകളുടെ പേരിൽ പുകമറയുണ്ടാക്കി രാഷ്ട്രീയ പകപോക്കലിനാണ് സിപിഎം ശ്രമിക്കുന്നതെന്നും അന്വേഷണ സംഘത്തിന് മേൽ സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പോലും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ശബരിമല വിഷയം ചർച്ച ചെയ്യാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയപ്പോൾ സ്‌പീക്കർ അനുമതി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണ്. സിപിഎമ്മിന് അന്തസ്സും മര്യാദയുമില്ലെന്നും സംഘപരിവാറിന്റെ അതേ രീതിയിലാണ് കേരളത്തിലെ സിപിഎം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading