KERALA
അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രിയുടെ താമസത്തിന് മാത്രം ചെലവായ തുക രണ്ടുലക്ഷം
ശബരിമല: ആഗോള അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രിയുടെ താമസത്തിന് മാത്രം ചെലവായ തുക രണ്ടുലക്ഷം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. പരിപാടി അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല് രേഖയിൽ കാണിച്ചത് അടക്കമുള്ള തിരിമറികളുടെ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്തെത്തുന്നത്.
ഉദ്ഘാടനച്ചടങ്ങിന്റെ തലേദിവസം മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. മരാമത്ത് സമുച്ചയത്തിലായിരുന്നു മുഖ്യമന്ത്രിക്ക് താമസം ഒരുക്കിയത്. ഒരു രാത്രി താമസിക്കാൻ വേണ്ടി രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 1,11,365 രൂപയാണ് കട്ടിലിനും ബെഡിനും ചെലവായത്. ഇടനാഴിയിൽ 15,930 രൂപയുടെ ചുവന്ന പരവതാനിയും വിരിച്ചു. കോർണർ സോഫയും ടീ പോയും കൂടി 65000 രൂപയോളം ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
അതിഥികൾക്ക് മുറിയൊരുക്കിയത് കുമരകത്തും മൂന്നാറിലും കോട്ടയത്തുമാണ്. ഇതിനായി സ്റ്റേറ്റ് പ്രോട്ടോക്കോളിന്റെ പേരിൽ 37 ലക്ഷം രൂപയുടെ ബില്ല് ഉണ്ട്. ദേവസ്വം പ്രസിഡന്റിന്റെ പേരിൽ മൂന്നാറിൽ റിസോർട്ട് ബുക്ക് ചെയ്തതിൽ 23,000 രൂപയുടേതാണ് ബില്ല്. അയ്യപ്പ സംഘമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി അടക്കമുള്ള വിഐപികൾക്ക് സ്റ്റേജിനോട് ചേർന്ന് ഉണ്ടായ വിഐപി ലോഞ്ചിൽ ആ സമയത്ത് വിതരണം ചെയ്ത ലഘു ഭക്ഷണത്തിനായി 30,000 രൂപയാണ് കാണിച്ചിരിക്കുന്നത്.
ഊരാളുങ്കലിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻസായിരുന്നു സംഗമത്തിന്റെ ഇവന്റ് മാനേജ്മെന്റ് നടത്തിയത്. ടെൻഡറില്ലാതെ നൽകിയ കരാറിൽ, വേണ്ടിവന്നാൽ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. കമ്പനി നൽകിയ ബില്ലിൽ കേരളാ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് നൽകിയ ബില്ലിനേക്കാൾ ആറുലക്ഷം രൂപയാണ് കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ ഇനങ്ങളിലാണ് ബില്ലുകളിൽ തുക കൂട്ടിയത്. പ്രതിനിധിക്കുള്ള കിറ്റിനായി 73,40,000 രൂപയാണ്. കിറ്റുകൾക്കും ഉപഹാരങ്ങൾക്കുമായി മറ്റൊരു 24,17,581 രൂപയുടെ കണക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളാ പോലീസിന് 16.5 ലക്ഷം രൂപ ദേവസ്വം ബോർഡ് നൽകാനുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിന്റെ ചിലവാണ് ഇത്. ഈ തുക ഇതുവരെ അനുവദിച്ചില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബില്ലാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ഇവർ പരിപാടി അവതരിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
