KERALA
ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധം : ചോദ്യോത്തരവേള റദ്ദാക്കി
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയിൽ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ചു തുടങ്ങിയ കെ.ബാബു പറഞ്ഞു. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്താണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് എം.ബി. രാജേഷും പി. രാജീവും ഉൾപ്പെടെയുള്ള മന്ത്രിമാർ പറഞ്ഞു. സഭയിൽ ബാനറും പ്ലക്കാഡുമായി പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി.
പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ലെന്ന് കെ. ബാബു പറഞ്ഞു. കോടതി പറഞ്ഞ കാര്യം പറഞ്ഞെന്നേ ഉള്ളൂ. തന്ത്രിയെ 40 ദിവസം ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്. വിശ്വാസികളോട് സർക്കാർ ഉത്തരം പറയണം. സർക്കാർ വീഴ്ചകൊണ്ട് മാത്രമാണ് സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത്. യുവതി പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തത്. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ.ബാബു സഭയെ അറിയിച്ചു.
