KERALA
താൻ എന്തുകൊണ്ട് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് വ്യക്തമാക്കി ആർ ശ്രീലേഖ
തിരുവനന്തപുരം: ഡിജിപി പദവിയിൽ നിന്ന് വിരമിച്ച താൻ എന്തുകൊണ്ട് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് വ്യക്തമാക്കി വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ആർ ശ്രീലേഖ. വട്ടിയൂർക്കാവ് എസ്‌എച്ച്ഒ വിപിൻ, എസ്‌ഐ ദീപു പിള്ള തുടങ്ങിയ പൊലീസുകാർ ചേർന്ന് കഴിഞ്ഞ ഒരുമാസത്തിലേറെയായി ബിജെപി പ്രവർത്തകരെ മാത്രം തിരഞ്ഞുപിടിച്ച് മർദിക്കുകയാണെന്ന് ശ്രീലേഖ ഫേസ്‌ബുക്കിൽ കുറിച്ചു.
സിപിഎം നേതാക്കളുടെ നിർദേശപ്രകാരം ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി മർദിച്ച് രസിക്കുകയാണ്. ഭാര്യയെ ഒരു സിപിഎം പ്രവർത്തകൻ ലൈംഗികമായി അവഹേളിച്ചുവെന്നും അവയവ പ്രദർശനം നടത്തിയെന്നും പരാതിപ്പെട്ട ബിജെപി പ്രവർത്തകനെയും കൂട്ടരെയും വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റി അതിക്രൂരമായി മർദിച്ചു. കണ്ണിന് താഴെ പരിക്കേറ്റ ബിനുവിനെ രക്തത്തിൽ കുളിച്ച അവസ്ഥയിൽ എആർ ക്യാമ്പിൽ കൊണ്ടുപോയി തള്ളി. മർദനമേറ്റവർ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. പൊലീസുകാർക്കെതിരെ ഒരു കേസുമില്ല. ഇങ്ങനെയൊരു സേനയിലായിരുന്നോ ഇത്രയുംനാൾ പ്രവർത്തിച്ചതെന്നോർത്ത് നാണം തോന്നുന്നുവെന്നും ജനം പൊലീസിനെ വെറുക്കുന്നത് ഇതുകൊണ്ടാണെന്നും ശ്രീലേഖ കുറിച്ചു
