Connect with us

KERALA

തൃശ്ശൂർപൂരത്തിന് ഇക്കുറി വെടിക്കെട്ടില്ല, കുടമാറ്റവും ചുരുക്കും

Published

on


തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനമായി . രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇത്തവണത്തെ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുടമാറ്റത്തിന്റെ പൊലിമ കുറച്ച് നടത്തും. പത്തിൽ താഴെ കുടകൾ മാത്രമായിരിക്കും മാറ്റുക.

സാധാരണയായി പൂരം അവസാനിക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തുക. ഇത്തവണ ഈ വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. അതേസമയം, ആനകളുടെ എണ്ണത്തിലും മേളത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാവില്ല. 15 ആനകൾ വീതം ഇരുപക്ഷത്തുമായി അണിനിരക്കും.

പകൽപ്പൂരത്തിന് ശേഷമുള്ള പകൽ വെടിക്കെട്ടും വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഘടകക്ഷേത്രങ്ങൾക്ക് നൽകേണ്ട ആനകളുടെ കാര്യത്തിലും അവിടുത്തെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മാറ്റമില്ലാതെ തുടരും.

തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ടു സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ വൻ സ്‌ഫോടനമുണ്ടായതിനെ തുടർന്ന് പേർക്ക് 14 ജീവൻ നഷ്ടമായിരുന്നു. പൊള്ളലേറ്റ 11 പേർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൂരത്തിന് ഇക്കുറി വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.

Continue Reading