NATIONAL
കേരളത്തിലെ കോവി ഡ് വ്യാപനം കേരളവുമായുളള അതിർത്തികൾ കർണാടക വീണ്ടും അടച്ചു
ബംഗളൂരു: കേരളവുമായുളള അതിർത്തികൾ കർണാടക വീണ്ടും കൊട്ടി അടച്ചു. കേരളത്തിൽ കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി. കാസർകോട് ജില്ലയിൽ അതിർത്തിയിലെ അഞ്ച് റോഡുകൾ ഒഴികെ ചെറുറോഡുകൾ ഉൾപ്പടെ അടച്ചിട്ടുണ്ട്. ഇതുവഴി കാൽനടയാത്രപോലും വിലക്കിയതായി വിവരമുണ്ട്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടമാണ് അതിർത്തകൾ അടയ്ക്കാൻ തീരുമാനിച്ചത്.
വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇവിടെ ചരക്ക് വാഹനങ്ങൾ ഉൾപ്പടെ കർണാടക അധികൃതർ തടയുകയായിരുന്നു. ഇതോടെ കേരളത്തിലേക്ക് വന്ന കർണാടക വാഹനങ്ങൾ യാത്രക്കാരും തടഞ്ഞു. പ്രശ്നം വഷളായതോടെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്നു ചർച്ച നടത്തി കർശന ഉപാധികളോടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, വയനാട് കർണാടക അതിർത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല.
