KERALA
തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചത് ആർഎസ്എസ് : കോടിയേരി ബാലകൃഷ്ണൻ

തിരുവനനന്തപുരം: ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും കോടിയേരി പറഞ്ഞു. തുടർഭരണം തടയാൻ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിയുമായും ആർഎസ്എസുമായി യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർത്ഥി പിന്മാറി. യാഥാർത്ഥ്യം സുധാകരന് മനസിലായെന്നും ധർമടത്ത് നോമിനേഷൻ കൊടുത്ത ആളെ അറിയില്ലെന്ന് മുല്ലപ്പള്ളി പറയുന്നുവെന്നും കോടിയേരി പറഞ്ഞു. നേമത്ത് ശക്തനെന്ന് പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നത് ശക്തനൊന്നുമല്ലെന്നും ‘ശക്തനെ’ കൊണ്ടുവന്നത് ബിജെപിയെ സഹായിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വട്ടിയൂർക്കാവിൽ പതിനയ്യായിരം വോട്ട് കുറഞ്ഞതു കൊണ്ടല്ലേ യുഡിഎഫ് തോറ്റതെന്ന് കോടിയേരി ചോദിച്ചു. ഐക്യജനാധിപത്യമുന്നണിയിൽ ഐക്യവും ജനാധിപത്യവും ഇല്ലെന്നും കോടിയേരി പറഞ്ഞു.
ആർഎസ്എസ് സഹായം ഇടതുപക്ഷത്തിന് വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ തുറന്നടിച്ചു. ഇടത് പക്ഷം, ചെങ്ങന്നൂരും കോന്നിയിയിലും ആറന്മുളയിലും ജയിച്ചത് ബിജെപിയെ തോൽപിച്ചാണെന്നും പിന്നെന്തിന് ബിജെപിയുമായി ധാരണയെന്നും കോടിയേരി ചോദിച്ചു.
സിപിഐഎം എവിടെയും കള്ളവോട്ട് ചേർക്കാറില്ലെന്നും കോടിയേരി പറഞ്ഞു. പലബൂത്തുകളിലും വോട്ടർമാർ ഇരട്ടിപ്പ് ഉണ്ടെന്നാണ് ആക്ഷേപം. അതിൽ നടപടി എടുക്കേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണെന്നും പാർട്ടിക്ക് എതിർപ്പില്ലെന്നും കോടിയേരി പറഞ്ഞു.