Uncategorized
ബിജെപിയെ ചെറുക്കാൻ യുഡിഎഫ് പോരാ എന്നതിനാലാണ് ന്യൂനപക്ഷങ്ങൾ യുഡിഎഫിനെ കൈവിട്ടതെന്ന് കെ മുരളീധരൻ

കോഴിക്കോട്: ബിജെപിയെ ചെറുക്കാൻ യുഡിഎഫ് പോരാ എന്നതിനാലാണ് ന്യൂനപക്ഷങ്ങൾ യുഡിഎഫിനെ കൈവിട്ടതെന്ന് കെ മുരളീധരൻ എംപി. അത് പിണറായി വിജയൻ മുതലെടുത്തു. പിണറായി ന്യൂനപക്ഷങ്ങളോട് ബിജെപിയെ ചൂണ്ടിക്കാണിച്ച് അവരുടെ വോട്ടും വാങ്ങി, കോൺഗ്രസ് മുക്തഭാരതത്തിന്‍റെ ഭാഗമായി കേരളം കോൺഗ്രസ് മുക്തമാകണമെന്ന് പറഞ്ഞ് രഹസ്യമായി ബിജെപിയുടെ വോട്ടും വാങ്ങി. മൊത്തത്തിൽ കഴിഞ്ഞ തെരഞ്ഞടുപ്പിൽ കോൺഗ്രസിന് മൊത്തം നഷ്ടമാണുണ്ടായത്.അത് മനസിലാക്കി കൊണ്ട് പാർട്ടിയുടെ നിലപാടിനനുസരിച്ച് കേന്ദ്രത്തിലെ മുഖ്യശത്രു ബിജെപിയും കേരളത്തിലെ ശത്രു സിപിഎമ്മിനുമെതിരെയുള്ള ആക്രമണത്തിനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കേണ്ടതെന്ന് മുരളീധരൻ പറഞ്ഞു. അതിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സർക്കാരിന്‍റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടില്ല. തുടക്കത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.അതേസമയം കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾ കൂടുതൽ രൂക്ഷമായി മുന്നോട്ടു പോകുകയാണ്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അടിക്കടിയുള്ള പെട്രോൾ ഡീസൽ വിലവർധനവ്. സംസ്ഥാന സർക്കാരിനെതിരെയുള്ള സമരം മാത്രമല്ല, കേന്ദ്രനയങ്ങൾക്കെതിരായി അഖിലേന്ത്യാതലത്തിലെ മുഖ്യശത്രു ബിജെപിയ്ക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം. അതിന് കോൺഗ്രസിന്‍റെ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് മുരളീധരൻ പറഞ്ഞു. സുധാകരന്‍റെ ശൈലി കോൺഗ്രസിന് ദോഷം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.